ബുദ്ധവചനങ്ങൾ

മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും

Buddha on the power of mind and the ease of taming mind

ബുദ്ധൻ ഒരിക്കൽ ഭിക്ഷുക്കളോട് പറഞ്ഞു, 

“ഭിക്ഷുക്കളേ, മെരുക്കാത്ത മനസ്സിനോളം അനർത്ഥകരമായ മറ്റൊന്നും ഞാൻ കാണുന്നില്ല. മെരുക്കാത്ത മനസ്സ്,  ഭിക്ഷുക്കളേ, അത്യന്തം അനർത്ഥകരമാണ്.

ഭിക്ഷുക്കളേ, മെരുക്കിയ മനസ്സിനോളം അർത്ഥവത്തായ മറ്റൊന്നും ഞാൻ കാണുന്നില്ല. മെരുക്കിയ മനസ്സ്,  ഭിക്ഷുക്കളേ, അത്യന്തം അർത്ഥവത്താണ്. ….

ഭിക്ഷുക്കളേ മനസ്സിനോളം ഇത്ര എളുപ്പം മെരുക്കാവുന്ന മറ്റൊന്നും ഞാൻ കാണുന്നില്ല. മനസ്സിനെ മെരുക്കുന്ന ലാളിത്യത്തിന് മറ്റൊരു ഉപമ പോലും സാദ്ധ്യമല്ല.”

– ബുദ്ധൻ (അംഗുത്തര നികായ 1.31, 1.32, 1.48 )

നമ്മുടെ സുഖദുഃഖങ്ങളെയും സ്വാസ്ഥ്യത്തെയും കഴിവുകളെയും ഏറ്റവും അധികം സ്വാധീനിക്കുന്നത് നമ്മുടെ മാനസികാവസ്ഥയാണ്. നമ്മുടെ ചിന്താശക്തിയും യുക്തിബോധവും അറിവുനേടാനുള്ള കഴിവും വൈകാരികാവസ്ഥയുമൊക്കെ മനസ്സുമായി ബന്ധപ്പെട്ടതാണ്. മെരുക്കാത്ത മനസ്സ് വികാരവിക്ഷോഭങ്ങൾക്കും  ബാഹ്യസ്വാധീനങ്ങൾക്കും അടിമപ്പെട്ട് വിനാശകരമാകുന്നു. എന്നാൽ, മെരുക്കിയ മനസ്സ്,  തെളിഞ്ഞതും വിവേകബുദ്ധിയോടുകൂടിയതുമാകുന്നു. മനസ്സ് ശാന്തമായിരിക്കെതന്നെ പ്രതികരണശേഷിയുള്ളതുമാകുന്നു. അപ്പോൾ, വികാരങ്ങളെ നിയന്ത്രിക്കാനും, പുറത്തുനിന്ന് നേടുന്ന വിവരങ്ങളെ ശരിയായി അപഗ്രഥിക്കാനും  കഴിയുന്നു. വ്യാജപ്രചരണങ്ങളാൽ വിദ്വേഷഭരിതമാകാതെ,  സമൂഹത്തിൽ സഹാനുഭൂതിയോടെ ഇടപെടാൻ മെരുക്കിയ മനസ്സ് പ്രാപ്തമാകുന്നു.

ആദ്ധ്യാത്മവാദികൾ പലരെയും തെറ്റിദ്ധരിപ്പിക്കുന്നത്, മഹാ ഋഷിമാർക്കും സിദ്ധന്മാർക്കും മാത്രം കഴിയുന്നത്ര സാഹസികവും ആയാസകരവുമാണ് മനസ്സിനെ മെരുക്കൽ എന്നാണ്. പക്ഷെ, സത്യം അതല്ല. ബുദ്ധന്റെ പാഠങ്ങൾ ഒരല്പം ശ്രദ്ധിച്ചു മനസ്സിലാക്കിയാൽ ഏതൊരാൾക്കും അനായാസം സ്വന്തം മനസ്സിനെ മെരുക്കാം. 

ശരീരത്തെ മെരുക്കി ആരോഗ്യം നിലനിർത്താൻ ചെലവഴിക്കുന്നതിന്റെ ഒരംശം ശ്രമം മതി മനസ്സിനെ മെരുക്കുവാൻ. 

 
 

Leave a Reply

Your email address will not be published. Required fields are marked *