ഈ നിമിഷം
Being in the now, a commentary to Bhaddekaratta Sutta
ബുദ്ധതഥാഗതൻ തുറന്നുതന്ന ശാന്തിയുടെയും ജ്ഞാനത്തിന്റെയും വാതായനം നാളെയിലല്ല, മരണാന്തരവുമല്ല. അത്, ഇപ്പോൾ, ഇവിടെ, ഈ നിമിഷമാണ്. ഇപ്പോഴത്തെ നിമിഷം മാത്രമാണ് നമുക്ക് യാഥാർത്ഥ്യത്തിലേക്കുള്ള വഴി. ഗതകാലത്തിനും ഭാവിയ്ക്കുമിടയിൽ ഒരു ക്ഷണം പോലും ഉറച്ചുനിൽക്കാതെ കടന്നു പോകുന്ന ഈ വർത്തമാനകാലം. പക്ഷെ, ഇടുങ്ങിയതെന്നു തോന്നുന്ന ഈ നിമിഷത്തിലാണ് വിശാലത. ഈ നിമിഷമാണ് അനന്തമായ സാധ്യതകളെ തുറന്നിടുന്നത്.
ഒരിയ്ക്കൽ ശ്രാവസ്തിയിലെ ജേതവനത്തിൽ വിഹരിക്കവേ തഥാഗതൻ തന്റെ ശിഷ്യരോടു പറഞ്ഞു,
ഭൂതകാലത്തെ പിന്തുടരരുത്!
ഭാവിയിൽ കണ്ണുംനട്ടിരിക്കരുത്!
ഭൂതകാലം കഴിഞ്ഞുപോയി.
ഭാവിയോ ഇനിയും ഉദിച്ചിട്ടുമില്ല.
ഓരോ നിമിഷവുമുള്ള ധമ്മങ്ങളെ (അനുഭവങ്ങളെ note )
അപ്പപ്പോൾ അവിടവിടെത്തന്നെ കണ്ടറിയുക, വ്യക്തമായി,
വലിഞ്ഞു നീളാതെ, പ്രക്ഷുബ്ധമാകാതെ.
ഇപ്രകാരമാണ്, അറിവിലൂടെ വളരുന്നത്.
പ്രവർത്തിക്കേണ്ടത് ഇന്നാണ്, ശുഷ്‌കാന്തിയോടെ!
ആർക്കറിയാം, മരണം നാളെയല്ലെന്ന്!
മരണത്തിന്റെ മഹാസേനയുമായി
തർക്കിച്ചു നിൽക്കാനാകില്ലല്ലോ!
അഹോരാത്രം, ശുഷ്കാന്തിയോടെ, തളരാതെ,
ആരാണോ ഇപ്രകാരം വിഹരിക്കുന്നത്,
അയാൾ ഭദ്രമായ ഒരു ദിനം ആസ്വദിക്കുന്നു.
ശാന്തനായ മുനി ഇത് ഉദ്ഘോഷിക്കുന്നു.
-ഭദ്ദേകരത്ത സൂത്ത (ഭദ്രേകരാത്ര സൂത്രം)
വിവരണം:
നാം ചിലപ്പോൾ ഭൂതകാലത്തിന്റെ നഷ്ടങ്ങളെ ഓർത്ത് വിഷാദത്തിലാഴുന്നു. ചിലപ്പോൾ മധുരമുള്ള ഗതകാലസ്മരണകളെ അയവിറക്കി സന്തോഷിക്കുന്നു. ഭാവിയിൽ വന്നുചേർന്നേക്കാവുന്ന നഷ്ടങ്ങളും ദുരിതങ്ങളും സങ്കലിപ്പിച്ച് നാം ഇപ്പോഴേ വ്യാകുലതകളിൽ ആഴാറുമുണ്ടല്ലോ. ഭാവിയെക്കുറിച്ച് നിറകൂട്ട് ചാലിച്ച ദിവാസ്വപ്നങ്ങളിൽ രമിച്ചിരുന്ന് നാം എത്രയോ നിമിഷങ്ങളെ ഭൂതകാലത്തേക്കയച്ചിരിക്കുന്നു! മറ്റു ചിലപ്പോൾ ഭൂതകാലവുമായുള്ള താരതമ്യങ്ങളിൽ വർത്തമാനകാലത്തിന് പിരിമുറുക്കം കൂട്ടുന്നു. ഇങ്ങനെ, നാം ഓരോ നിമിഷത്തെയും നിറയ്ക്കുന്നത് ഗതകാല സ്മരണകളും ഭാവിയെ കുറിച്ചുള്ള ആകാംക്ഷകളും കൊണ്ടാണല്ലോ.
ഭൂതകാലത്തിന്റെ പുറകേ പോകുമ്പോഴും ഭാവിയിൽ കണ്ണും നട്ടിരിക്കുമ്പോഴും നാം കാണാതെ പോകുന്നത് ഈ നിമിഷത്തിന്റെ സാധ്യതകളെയാണ്. അപ്പോൾ നമ്മിൽ നിറയുന്നതോ? ഭൂതകാലത്തെയും ഭാവിയെയും കുറിച്ചുള്ള വെറും സങ്കല്പനങ്ങൾ മാത്രം. അവയ്ക്ക് ഇന്നിന്റെ യാഥാർഥ്യവുമായി വലിയ ബന്ധമില്ല. ഇന്നലെകൾ ഇനിയൊരിക്കലും യാഥാർത്ഥ്യമാവില്ല. നാളെയോ, ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ. നാളെയെക്കുറിച്ച് ഇന്ന് നാം സങ്കൽപ്പിക്കുന്നതാകില്ല നാളെ യാഥാർത്ഥ്യമാകുന്നത്.
മൂടിയിടപ്പെടുന്ന സാധ്യതകൾ
ഒരു നല്ല നാളെയെ നിർമ്മിക്കണമെന്നാകിൽ, പ്രവർത്തിക്കേണ്ടത് ഈ നിമിഷമാണ്. ശാന്തമായി, വ്യക്തമായ മനസ്സുമായി, കാര്യങ്ങളെ നിരീക്ഷിച്ചാൽ, ഈ നിമിഷത്തിന്റെ അപാര സൗന്ദര്യം ആസ്വദിക്കാൻ കഴിയും. ഇന്നേവരെ നാം കാര്യങ്ങൾ കണ്ടിരുന്ന രീതിയിലെ അപാകതകൾ മാറി പുതിയൊരു ലോകദർശനം സാധ്യമാകും. മാത്രമല്ല, ഈ നിമിഷത്തെ സാധ്യതകളിലൂടെ ഒരു നല്ല നാളെയെ നിർമ്മിക്കാനും നമുക്ക് കഴിയും. ഈ നിമിഷത്തിന്റെ ശാന്തിയെയും സൗന്ദര്യത്തെയും സാധ്യതകളെയുമാണ് നാം ഭൂതവും ഭാവിയും നിറച്ച് മൂടിയിടുന്നത്. തൃഷ്ണയോടെ, വ്യാകുലതകളോടെ, ആകാംക്ഷയോടെ ഭാവിയിൽ കണ്ണും നട്ടിരുന്ന് പാഴാക്കുന്നത്.
ഇത് നാം അറിയണം. ഭാവിയെക്കുറിച്ചുള്ള സങ്കല്പനങ്ങളിൽ കണ്ണുംനട്ടിരിക്കുമ്പോൾ ഇവിടെ പ്രവർത്തിക്കുന്നത് ആ സങ്കല്പനങ്ങളല്ല. മനസ്സിന്റെ വലിഞ്ഞുനീളലുകളായി, പ്രകമ്പനങ്ങളായി, നാം മനസ്സിൽ നിറയ്ക്കുന്ന വ്യാകുലതകളുടെയും ആകാംക്ഷയുടെയും ബാക്കിപത്രങ്ങളായിരിക്കും അടുത്ത നിമിഷങ്ങളായി പരിണമിക്കുക. ശാന്തവും തെളിമയാർന്നതുമായ മനസ്സിനാണ് ഒരു നല്ല നാളെയെ നിർമ്മിക്കാൻ കഴിയുക.
ശാന്തിയുടെയും ജ്ഞാനത്തിന്റെയും വാതായനം
ബുദ്ധതഥാഗതൻ തുറന്നുതന്ന ശാന്തിയുടെയും ജ്ഞാനത്തിന്റെയും വാതായനം നാളെയിലല്ല, മരണാന്തരവുമല്ല. അത്, ഇപ്പോൾ, ഇവിടെ, ഈ നിമിഷമാണ്. ഇപ്പോഴത്തെ നിമിഷം മാത്രമാണ് നമുക്ക് യാഥാർത്ഥ്യത്തിലേക്കുള്ള വഴി. ഗതകാലത്തിനും ഭാവിയ്ക്കുമിടയിൽ ഒരു ക്ഷണം പോലും ഉറച്ചുനിൽക്കാതെ കടന്നു പോകുന്ന ഈ വർത്തമാനകാലം. പക്ഷെ, ഇടുങ്ങിയതെന്നു തോന്നുന്ന ഈ നിമിഷത്തിലാണ് വിശാലത. ഈ നിമിഷമാണ് അനന്തമായ സാധ്യതകളെ തുറന്നിടുന്നത്.
ഈ നിമിഷത്തെ ധമ്മങ്ങൾ
അതിനാൽ ഇപ്പോഴത്തെ ധമ്മങ്ങളെ ഇപ്പോൾ തന്നെ നേരിട്ട് ശ്രദ്ധിക്കുക. ഇവിടെ, ധമ്മങ്ങൾ (പാലിയിൽ ധമ്മം, സംസ്‌കൃതത്തിൽ ധർമ്മം) എന്നാൽ നാം ധരിക്കുന്നതെന്തോ (അനുഭവേദ്യമാക്കുന്നതെന്തോ) അത്. അതായത് പഞ്ചേന്ദ്രിയങ്ങളിലൂടെ നാം അറിയുന്നതും, മനസ്സിൽ ഉദിക്കുന്ന രൂപങ്ങളും, സുഖദുഃഖസംവേദനങ്ങളും, ചിന്തകളും, വികാരങ്ങളും ഒക്കെ ധർമ്മങ്ങളാണ്.
ഭൂതകാലത്തെയും ഭാവികാലത്തെയും കുറിച്ച് ചിന്തിച്ചിരിക്കുമ്പോൾ, ആ ചിന്ത വർത്തമാനകാലത്തെ ധർമ്മമാണ്. പക്ഷെ, അതിന്റെ ഉള്ളടക്കം, ഭൂതത്തെയോ ഭാവിയെയോ കുറിച്ചുള്ള നമുക്ക് ഈ നിമിഷമുള്ള സങ്കൽപ്പങ്ങൾ മാത്രവും. അവ സങ്കൽപ്പങ്ങൾ മാത്രമായതിനാൽ, ചിന്തയുടെ ഉള്ളടക്കത്തിലേക്ക് ചൂഴ്ന്ന് നോക്കി ഭൂതത്തെയോ ഭാവിയെയോ പ്രത്യക്ഷത്തിൽ അറിയാൻ കഴിയില്ല. പക്ഷെ, നാം പൊതുവെ ചെയ്യാറുള്ളത് ചിന്തിക്കുന്നു എന്ന വർത്തമാന യാഥാർത്ഥ്യത്തിൽ ശ്രദ്ധിക്കാതെ, അതിന്റെ ഉള്ളടക്കത്തിൽ ഒരു യാഥാർത്ഥ്യമെന്നോണം മുഴുകുന്നു. നാം ശ്രദ്ധിക്കേണ്ടത് വർത്തമാനകാല യാഥാർത്ഥ്യത്തിലേക്കാണ്.
ചിന്ത എവിടെ നിന്ന് ഉദിക്കുന്നു,
എങ്ങനെ നിലകൊള്ളുന്നു,
എവിടേക്ക് അസ്തമിക്കുന്നു,
എന്ന് ഈ നിമിഷത്തെ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാം. അതിന്റെ യാഥാർത്ഥ്യത്തിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാം.
വർത്തമാനകാലത്തെ ഇന്ദ്രിയാനുഭവങ്ങളും നമുക്ക് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നതാണ് (direct perception). അതുപോലെ തന്നെ, തത്ക്ഷണത്തിലെ സുഖദുഃഖസംവേദനങ്ങളും വികാരങ്ങളും മനസ്സിന്റെ ഓരോ അവസ്ഥയും ഒക്കെ ഈ നിമിഷത്തെ പ്രത്യക്ഷ ധർമ്മങ്ങളാണ്. ഇവയൊക്കെ നേരിട്ട് നിരീക്ഷിച്ചാൽ, ഇവ തമ്മിലുള്ള കാര്യകാരണ ബന്ധങ്ങളെക്കുറിച്ചും ഇവയുടെ യാഥാർത്ഥ്യമെന്തെന്നും ഒക്കെ വളരെ ഗഹനമായ ജ്ഞാനം നേടാം.
അലകളടങ്ങി തെളിഞ്ഞ മനസ്സ്
ഇന്ദ്രിയാനുഭവങ്ങളുടെയും മനോവ്യാപാരങ്ങളുടെയും നൈമിഷികമായ ചലനങ്ങളും ഭാവഭേദങ്ങളും നേരാം വണ്ണം ശ്രദ്ധിക്കാൻ കഴിയണമെങ്കിൽ മനസ്സ് പ്രക്ഷുബ്ധതകളില്ലാതെ ശാന്തവും അതേ സമയം തെളിമയാർന്നതും ശുഷ്കാന്തിയുള്ളതും ചടുലവും ആയിരിക്കണം. അലകളടങ്ങി തെളിഞ്ഞ ഒരു പൊയ്കയിൽ അടിത്തട്ടിലെ വെള്ളാരങ്കല്ലുകളും ചെറുമീനുകളും വരെ വ്യക്തമായി കാണാൻ കഴിയുന്നത് പോലെ. പ്രക്ഷുബ്ധത അലയടിയ്ക്കുമ്പോഴും ആലസ്യത്തിന്റെ പായൽ മൂടുമ്പോഴും ആ തെളിമ ഉണ്ടാകില്ല. മനസ്സിന് തെളിമ വരുത്തുമ്പോൾ, ലോകത്തിന്റെയും നമ്മുടെതന്നെയും യാഥാർത്ഥ്യത്തെ അതിന്റെ ഓരോ ക്ഷണിക വ്യതിയാനങ്ങളിലും കൂടെ നിരീക്ഷിച്ച് മനസ്സിലാക്കാൻ കഴിയും. പക്ഷെ, ഏതെങ്കിലും ഒരു ക്ഷണത്തിലെ അനുഭവത്തിൽ നാം ഉടക്കി നിന്നാൽ, ആ ക്ഷണത്തിനൊപ്പം മനസ്സും ഗതകാല സ്മരണയിലേക്ക് വഴുതിപ്പോകും. അത്തരത്തിൽ ഒരു ധർമ്മത്തിലും (അനുഭവത്തിലും) ഉടക്കിനിൽക്കാതെ, മനസ്സ് വലിഞ്ഞുനീണ്ട് ഈ നിമിഷത്തിനിൽ നിന്ന് അകന്നുപോകാതെ, ഓരോ നിമിഷവും വ്യക്തമായി നിരീക്ഷിക്കണം, വൈകാരിക പ്രകമ്പനങ്ങളിൽ കുടുങ്ങാതെ, ശാന്തമായി, ആലസ്യമില്ലാതെ.
വിശേഷമായ ജ്ഞാനം
ഊഹാപോഹങ്ങളുടെ തത്വശാസ്ത്രങ്ങളിലൂടെയോ, സിദ്ധാന്തങ്ങളിലൂടെയോ, മഹത് സങ്കല്പങ്ങളിലൂടെയോ അല്ല യഥാർത്ഥ ജ്ഞാനം കൈവരുന്നത്. ഈ നിമിഷത്തെ നേരിട്ട് കാണുന്ന ലളിതമായ പ്രക്രിയയിലൂടെ നമുക്ക് നമ്മളെയും ലോകത്തെയും കുറിച്ച് ജ്ഞാനം നേടാം. ഞാൻ എന്താണ്, സുഖദുഃഖങ്ങളും വികാരങ്ങളും എങ്ങനെയുണ്ടാകുന്നു, അനുഭവവേദ്യമാകുന്ന ലോകവും നമ്മളും തമ്മിലുള്ള ബന്ധമെന്താണ്, ബോധമണ്ഡലത്തിന്റെ സ്വഭാവം എന്താണ്, ഇങ്ങനെ വളരെ ഗഹനമായ സമസ്യകൾക്കൊക്കെ ഉത്തരം, ഈ നിമിഷത്തിലുണ്ട് – ഭൂതകാലത്തിനും ഭാവികാലത്തിനും ഇടയ്ക്ക് ഒരു ക്ഷണത്തിനപ്പുറം ഉറയ്ക്കാതെ മാറുന്ന ഈ നിമിഷത്തിൽ. ഇവിടെയാണ് വിശേഷമായ ജ്ഞാനം. ഇവിടെയാണ് വിശേഷമായ ഉൾകാഴ്ച (സംസ്‌കൃതത്തിൽ, വിപശ്യന / പാലി ഭാഷയിൽ, വിപസ്സന). നേരിട്ടറിവിന്റെ അപാര സാഗരം ഇവിടെയുണ്ട്. ബൗദ്ധമാർഗ്ഗത്തിലെ വിവിധ യാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആ അപാരതയുടെ ഓരോ തലങ്ങളായി തുറക്കാൻ കഴിയും.
ഇപ്പോൾ, ഇവിടെ, ഈ നിമിഷത്തിലാണ് ഇത്തരത്തിൽ പ്രവർത്തിച്ച്, നേരിട്ടറിവിലൂടെ മനസ്സിനെ സംസ്കരിക്കേണ്ടത്. നല്ല ഭാവി സൃഷ്ടിക്കാൻ കഴിയുന്നതും ഈ നിമിഷത്തിലാണ്. തെളിഞ്ഞ മനസ്സുമായി, ഈ നിമിഷത്തിന്റെ യാഥാർത്ഥ്യങ്ങളെ നേരാംവണ്ണം തിരിച്ചറിഞ്ഞാൽ, ‘ഞാൻ’ എന്ന തോന്നലിനെ കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങളില്ലാതെ യാഥാർത്ഥ്യമറിഞ്ഞ് പ്രവർത്തിച്ചാൽ, നാളേക്ക് വേണ്ടി ഏറ്റവും ഫലപ്രദമായി ചെയ്യാവുന്നതും ഈ അവസ്ഥയിലാണ്. അല്ലാതെ, നാളെയെ കുറിച്ചുള്ള സങ്കലനങ്ങളിൽ മുഴുകുമ്പോഴല്ല.
ഈ ദിനം ഭദ്രമാക്കാം
ജനിച്ചവർക്കെല്ലാം മരണം സുനിശ്ചിതമാണ്. എന്നാൽ,മരണം എപ്പോഴായിരിക്കുമെന്നത് ഏറ്റവും അനിശ്ചിതവുമാണ്. ആർക്കറിയാം, മരണം നാളെയല്ല എന്ന്! ഇന്ന് ഉറങ്ങാൻ കിടക്കവേ, ഇതേ ശരീരത്തിൽ നാളെ ഉണരാൻ കഴിയുമോ എന്ന് പോലും നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല! ശ്വാസം പുറത്തു പോയ ശേഷം അകത്തോട്ട് വന്നില്ലെങ്കിൽ, ഈ ജന്മം കഴിഞ്ഞു. അത്രയ്ക്ക് ക്ഷണികമാണ് ഈ ജീവിതയാഥാർത്ഥ്യം. മരണത്തോട് തർക്കിച്ചു വിജയിക്കാൻ കഴിയില്ല. അത്ര അനിശ്ചിതമാണ് നാളെ എന്ത്, അടുത്ത ക്ഷണം എന്ത് എന്നിവ.
ഈ അനിശ്ചിതത്വം അറിയുമ്പോൾ നമ്മൾ ചെയ്യേണ്ടത്, നാളെയെ കുറിച്ച് ആധിയിൽ കഴിയുകയല്ല, പകരം, സമാധാനപൂർവ്വം ഈ നിമിഷത്തിലേക്ക് പൂർണ്ണമായും ഇറങ്ങി വരാം. പൂർണ്ണമായും ഈ നിമിഷത്തിൽ ഇരിക്കുകയെന്നാൽ ഈ നിമിഷത്തെ സർവശക്തിയും ഉപയോഗിച്ച് മുറുകെപ്പിടിക്കണമെന്നല്ല. പകരം, ഈ നിമിഷത്തിന്റെ വിശാലതയിലേക്ക്, തെളിഞ്ഞ മനസ്സുമായി, വളരെ ലളിതമായി വന്നുചേരാം – ഒരു പിരിമുറക്കുവും കൂടാതെ, ക്ഷണഭംഗുരമായ ധർമ്മങ്ങളിൽ പിടിച്ചുതൂങ്ങാതെ.
ഇത്തരത്തിൽ, അഹോരാത്രം, തെളിഞ്ഞ മനസ്സുമായി, ശുഷ്കാന്തിയോടെ അതാത് ക്ഷണത്തിൽ നിലകൊണ്ട് അതാത് നിമിഷത്തെ അറിയുന്ന ഒരാൾക്ക്, മരണത്തെപ്പോലും പേടിക്കേണ്ടതില്ല. നാളെയുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ ദിനം ഭദ്രമായിരിക്കും. നാളേക്ക് വേണ്ടി ഏറ്റവും ഉൽകൃഷ്ടമായ വിത്തുകൾ ഇന്നിന്റെ ഭദ്രതയിൽ പാകിയിരിക്കും. ഈ നിമിഷത്തിന്റെ വാതായനം തുറന്ന്, ലാളിത്യത്തോടെ നടന്ന്, ശാന്തി നേടി, ജ്ഞാനിയായ മുനി, ബുദ്ധ തഥാഗതൻ, ഇപ്രകാരം പഠിപ്പിച്ചു.
-പ്രബോധ
(ഈ നിമിഷത്തിൽ എങ്ങനെ നിലകൊള്ളണമെന്നതിനെ കുറിച്ച്, ഭദ്ദേകരത്ത സൂത്തത്തെ ആസ്പദമാക്കി)
For this article in other languages – Malayalam Post
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023
- മാറ്റളക്കുക സ്വർണപ്പണിക്കാരനെപ്പോലെ - November 7, 2022
- ദാനവും ധ്യാനവും - November 6, 2022