മതങ്ങൾക്കപ്പുറത്തേക്ക്ശാസ്ത്രവും യുക്തിചിന്തയും

മനോവികാസം മതങ്ങൾക്കപ്പുറം – ബുദ്ധന്റെ കണ്ടെത്തലുകൾ

 

Buddha's Enquiry that took him beyond religion to the vast expanse

മതങ്ങളുടെ ചട്ടക്കൂടിനപ്പുറം, നിരീക്ഷണങ്ങളിലും വിശകലനത്തിലും അധിഷ്ഠിതമായ ഒരു മാർഗമാണ് മനോവികാസത്തിന് ബുദ്ധൻ കണ്ടെത്തിയത്. ഒരു വ്യക്തിക്ക് എങ്ങനെ ദുഖങ്ങളിൽ നിന്നും വേദനകളിൽ നിന്നും മുക്തമായി, തെളിഞ്ഞ ബോധത്തോടെയും ആന്തരികസ്വാതന്ത്ര്യത്തോടെയും നിലകൊള്ളാം എന്നതാണ് ബുദ്ധന്റെ വിഷയം. ഇത് സാധ്യമാക്കാൻ മതത്തിന്റെയും പാരമ്പര്യത്തിന്റെയും വിശ്വാസപ്രമാണങ്ങളുടെയും ആചാരങ്ങളുടെയും കെട്ടുപാടുകൾ ഭേദിക്കേണ്ടതുണ്ടെന്നും ബുദ്ധൻ പഠിപ്പിച്ചു. ഇത് മനസ്സിലാക്കാത്തപ്പോഴാണ് പലരും ബൗദ്ധദർശനത്തെയും മാർഗത്തെയും ബുദ്ധ‘മതം’ എന്ന് തെറ്റായി വിളിക്കുന്നതും അങ്ങനെ മറ്റൊരു മതമെന്ന രീതിയിൽ ഈ കണ്ടെത്തലുകളെ മാറ്റിവക്കുന്നതും.

ഒരു പ്രവാചകന്റെ ദൈവവെളിപാടുകളല്ല, മറിച്ച്, ഒരു അന്വേഷിയുടെ കണ്ടെത്തലുകളാണ് ബൗദ്ധദർശനം. ബുദ്ധനു ശേഷവും അനേകം ബൗദ്ധന്മാർ അന്വേഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും ഈ ദർശനത്തെ മുന്നോട്ട് കൊണ്ടുപോയി. ദൈവസങ്കല്പങ്ങളിലോ മറ്റ് അമൂർത്ത സങ്കല്പങ്ങളിലോ അഭയം പ്രാപിക്കുകന്നതല്ല, മറിച്ച്, മനസ്സിനെ തളച്ചിടുന്ന നിലപാടുകളും വൈകാരികാവസ്ഥകളും ഒന്നൊന്നായി തിരിച്ചറിഞ്ഞ് അവയിൽ നിന്നും മോചനം നേടുന്നതാണ് ബൗദ്ധമാർഗം. അത്തരത്തിൽ ഒരു അന്വേഷണത്തിന് വ്യക്തിയെ സജ്ജമാക്കാൻ ബൗദ്ധമാർഗം ചെയ്യുന്നത് ആന്തരികവ്യാപാരങ്ങളെ സ്പഷ്ടമായി നിരീക്ഷിക്കാനുള്ള കഴിവ് വളർത്തിയെടുക്കുകയാണ്.

ആന്തരിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ, വിശ്വാസപ്രമാണങ്ങളുടെ ചട്ടക്കൂടുകൾ പൊളിക്കുന്നതിന് ഉപോദ്ബലകമാണ് ബൗദ്ധദർശനം. ആ ദർശനത്തെ തന്നെ മറ്റൊരു വൈകാരിക ചട്ടക്കൂടാക്കി മാറ്റാതിരിക്കാനും ബുദ്ധൻ ഓർമ്മപെടുത്തിയിട്ടുണ്ട്. നദി കടന്നാൽ ഉപേക്ഷിച്ച് പോകേണ്ട ഒരു ചങ്ങാടം പോലെയാണ് തന്റെ ദർശനവും മാർഗവും എന്ന് ബുദ്ധൻ വ്യക്തമാക്കിയതും അതുകൊണ്ടുതന്നെ. തന്റെ പോലും വാക്കുകൾ യുക്തിയിലൂടെയും നിരീക്ഷണങ്ങളിലൂടെയും കീറിമുറിച്ച് പരിശോധിക്കാതെ സ്വീകരിക്കരുതെന്നും ബുദ്ധൻ ഉദ്‌ഘോഷിച്ചു.

അങ്ങനെ യുക്തിപരമായി സ്വ്വീകരിക്കുന്ന മാർഗം വ്യക്തി തന്റെ ജീവിതത്തിൽ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന മനോവികാസമാണ് മാർഗത്തിന്റെ സാധുത പൂർണമായി തെളിയിക്കുന്നത്. കൂടുതൽ ഉണർന്ന ബോധം, ശ്രദ്ധ, ലാളിത്യം, സ്വാസ്ഥ്യം, അലോസരപ്പെടുത്തുന്ന വികാരങ്ങളുടെ ശമനം, മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ സുഖകരമായ അനുകമ്പയുടെ വർദ്ധന എന്നിവയൊക്കെ മനോവികാസത്തിന്റെ ലക്ഷണങ്ങളാണ്. മനോവികാസത്തിനുള്ള ബൗദ്ധമാർഗങ്ങൾ ലളിതവും ഏതൊരു വ്യക്ത്തിക്കും പ്രാവർത്തികമാക്കാൻ ഉതകുന്നവയുമാണ്. എന്നാൽ, നാം ഇപ്പോൾ കടന്നു ചെല്ലുക അതിന്റെ മതേതരസ്വഭാവത്തെയും ശാസ്ത്രീയതയും കുറിച്ചുള്ള ചില സങ്കീർണമായ വിശകലനങ്ങളിലേക്കാണ്. ഇത്തരം ഒരു വിശകലനം കാലഘട്ടത്തിന്റെ ആവശ്യമാണ്.

ബുദ്ധന്റെ പ്രസക്തി ശാസ്ത്രാന്വേഷണത്തിൽ

മനസ്സിനെ പഠിക്കാൻ ബൗദ്ധദാർശനികർ സ്വീകരിച്ചത് മതങ്ങളുടെ രീതിയിൽ നിന്നും തീർത്തും വിഭിന്നമായി, ആധുനിക ശാസ്ത്രരീതികളോട് സമാനതകളുള്ള അപഗ്രഥന രീതിയാണ്. ആ അപഗ്രഥനരീതിയുടെയും കണ്ടെത്തലുകളുടെയും ചില സവിശേഷതകളിലേക്ക് നാം ഇറങ്ങിച്ചെല്ലുമ്പോൾ യുക്തിചിന്തയ്ക്കും ശാസ്ത്രഗവേഷണങ്ങൾക്കും മുതൽക്കൂട്ടാവാകുന്ന കുറെ കാര്യങ്ങൾ നമുക്ക് അറിയാൻ കഴിയും. അനുഭവങ്ങളുള്ള വൈകാരിക ജീവി എന്ന നിലയിൽ ഒരു വ്യക്തിയെ മനസ്സിലാക്കുന്നതിൽ ശാസ്ത്രം ഇനിയും മുന്നേറാനിരിക്കെ ഇതിന് പ്രാധാന്യം ഏറുന്നു. പഴമയിൽ ഊറ്റം കൊള്ളാനോ കാലഹരണപ്പെട്ട കണ്ടെത്തലുകളെ ആധുനിക ശാസ്ത്രമായി അവതരിപ്പിക്കാനോ അല്ല ഇത്തരം ഒരു ശ്രമം. മതരഹിതവും, യുക്തിബോധത്തിലും ശാസ്ത്രത്തിലും അധിഷ്ഠിതവുമായ ഒരു പുതിയ ലോകം വാർത്തെടുക്കുന്നതിന് ഇന്നും തടസ്സമാകുന്ന സമസ്യകൾക്ക് പരിഹാരം തേടിയാകണം ഈ അന്വേഷണം.

മതാന്ധകാരത്തിൽ ആഴ്ന്നു പോയിരുന്ന യൂറോപ്പിൽ നവോത്ഥാനത്തിന് നാന്ദികുറിച്ചത് പഴയ കാലത്തെ യവനദാർശനികന്മാരായ സോക്രടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ അന്വേഷണരീതികളെയും കണ്ടെത്തലുകളെയും കുറിച്ചുള്ള അറിവ് ചെന്നെത്തിയതാണല്ലോ. ആധുനിക ശാസ്ത്രം ഇവരുടെ ചിന്തകളെ അപ്പാടെ ഉൾകൊള്ളുകയായിരുന്നില്ല. എന്നാൽ, ആ ചിന്തകളിൽ നിന്നും ദിശാബോധം ഉൾക്കൊണ്ടും പരിഷ്കരിച്ചുമാണ് ഭൗതികശാസ്ത്രം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾ കൊണ്ട് അഭൂതപൂർവമായ മുന്നേറ്റം നടത്തിയത്. അതുപോലെ,മനസ്സിന്റെയും അനുഭവങ്ങളുടെയും ശാസ്ത്രത്തിന് ദിശാബോധം നൽകാൻ കഴിയുന്ന അന്വേഷണരീതികളും കണ്ടെത്തലുകളും ബുദ്ധന്റെയും മറ്റു ബൗദ്ധമാർഗികളും നടത്തിയിട്ടുണ്ട്. ഇന്ത്യ മതാന്ധകാരത്തിൽ ആഴ്ന്നു പോകുന്നതിന് മുമ്പുള്ള ആ ശാസ്ത്രീയ ചിന്താരീതിയെ ഇന്ന് നാം വീണ്ടെടുക്കുമ്പോൾ അതിന് ഇങ്ങനെ ഒരു പ്രസക്തിയും കൂടിയുണ്ട്.

ബുദ്ധന്റെ കണ്ടെത്തലുകളിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്നതിനു മുമ്പ് ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റവും അവിടെ ഇന്നുള്ള ചില സമസ്യകളും നാം പരിശോധിക്കേണ്ടതുണ്ട്. ശാസ്ത്രത്തിൽ വിജയകരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അന്വേഷണ രീതിയെ കുറിച്ചും മതപരമായ സമീപനങ്ങളുടെ പോരായ്മകളെ കുറിച്ചും അറിയേണ്ടതുണ്ട്. ആ പശ്ചാത്തലം മനസ്സിലാക്കിവേണം ബുദ്ധന്റെ കണ്ടെത്തലുകളിലേക്ക് ഇറങ്ങി ചെല്ലാൻ.

 

ഭാഗം 1: ശാസ്ത്രവും വ്യക്തി എന്ന വൈകാരിക ജീവിയും

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾ കൊണ്ട് ഭൗതികശാസ്ത്രങ്ങൾ അഭൂതപൂർവമായ മുന്നേറ്റമാണ് കൈവരിച്ചത്. ബാഹ്യലോകത്തെ നമ്മുടെ ക്ഷേമത്തിനുതകുന്ന രീതിയിൽ സജ്ജീകരിയ്ക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യകൾ കൊണ്ട് ഇന്ന് നമുക്ക് കഴിയുന്നുണ്ട്. ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ, വിനോദസാങ്കേതികവിദ്യ, ബഹിരാകാശം, നിർമ്മിതബുദ്ധി (artificial intelligence) ഇത്യാദി എല്ലാവിധ മേഖലകളിലും ഇത് വ്യക്തമാണ്. ശരീരത്തെയും ഒരു പരിധിവരെയെങ്കിലും ക്ഷേമകരമായി പരിപാലിക്കാനും വൈദ്യശാസ്ത്രത്തിലെ പുത്തൻ കണ്ടെത്തലുകൾ വഴി കഴിയുന്നുണ്ട്. പക്ഷെ, ഒരു വൈകാരിക ജീവി എന്ന നിലയ്ക്ക് മനുഷ്യനെ മനസ്സിലാക്കുന്നതിൽ ശാസ്ത്രം ഇനിയും മുന്നോട്ട് പോകാനുണ്ട്.

എങ്ങനെ വികാരങ്ങൾ ഉണരുകയും അസ്തമിക്കുകയും ചെയ്യുന്നു? അസ്വസ്ഥകരമായ മാനസികാവസ്ഥകളിലേക്ക് വീഴാതെ, സ്വൈര്യം, സംതുഷ്ടി, സംതൃപ്തി, കരുണ, ഇത്യാദി മാനസികാവസ്ഥകളിൽ യഥേഷ്ടം വ്യാപരിച്ച് പ്രവർത്തിക്കാൻ നമുക്കാവുമോ? അനിയത്രിതമായ ദേഷ്യം, ആസക്തി, ആശങ്ക, ഇത്യാദി വികാരങ്ങൾ ഉന്മൂലനം ചെയ്യാനാകുമോ? എന്തുകൊണ്ട് ചില വസ്തുക്കളുമായോ വ്യക്തികളുമായോ ആശയങ്ങളുമായോ ഓർമ്മകളുമായോ ഉള്ള സമ്പർക്കം വേദനാജനകമായും ദുഃഖകരമായും അനുഭവപ്പെടുന്നു? അതിനെ സുഖകരമായ അനുഭവമായി പരിവർത്തനം ചെയ്യാൻ കഴിയുമോ? ‘ലോകബന്ധനങ്ങൾക്കിടയിലും ആന്തരികസ്വാതന്ത്ര്യം’ എന്നത് ഒരു തത്വചിന്തയ്ക്കപ്പുറം ഏതൊരു മനുഷ്യനും ഉതകുന്ന ഒരു പ്രായോഗിക സാങ്കേതികവിദ്യയായി ഒരു പരിധിവരെയെങ്കിലും വികസിപ്പിച്ചെടുക്കാൻ കഴിയുമോ? ഇതൊക്ക ഇനി വരുന്ന കാലഘട്ടത്തിൽ ശാസ്ത്രം വിശദമായി ഗവേഷണം ചെയ്യേണ്ട വിഷയങ്ങളാണ്.

ഇതിനർത്ഥം മനഃശാസ്ത്രം (psychology), മനോരോഗചികിത്സ (psychiatry) എന്നീ ശാസ്ത്രശാഖകൾ ഒട്ടും വികസിച്ചിട്ടില്ല എന്നല്ല. മരുന്നുകളാൽ മസ്തിഷ്കത്തിലെ രാസഘടകങ്ങളെ ക്രമീകരിച്ച് അത്യന്തം അപകടകരമായ മാനസിക രോഗാവസ്ഥകളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇന്ന് കഴിയുന്നുണ്ട്. പക്ഷെ, പലപ്പോഴും അത് വൈകാരികമായ മനുഷ്യന്റെ ആന്തരിക വ്യവസ്ഥയുടെ ഒരു സ്ഥായിയായ പുനഃക്രമീകരണമല്ല. മാത്രമല്ല, പൊതുവെ മാനസികാരോഗ്യമുള്ള ഒരു വ്യക്തിയെ വൈകാരികമായി കൂടുതൽ ഔന്നത്യങ്ങളിൽ എത്തിക്കാനും കൂടുതൽ സ്വതന്ത്രനാക്കാനും അത്തരം മാർഗങ്ങൾകൊണ്ട് ഇന്ന് സാധ്യമല്ല. ഈ അടുത്തകാലത്തായി ശാസ്ത്രം ഈ മേഖലകളിലേക്ക് ശ്രദ്ധയർപ്പിച്ച് നല്ല ഗവേഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്. ശാസ്ത്രം ഈ മേഖലയിലും താമസംവിനാ വിജയം നേടും എന്നത് ഉറപ്പാണ്.

 

ഭാഗം 2: വിശ്ലേഷണപരമായ അപഗ്രഥനത്തിന്റെ (reductionistic analysis) മേന്മ

ഏതൊരു വസ്തുവിനെയും (entity) പ്രക്രിയയെയും (process) കുറിച്ച് ശാസ്ത്രീയമായ ഗവേഷണം തുടങ്ങുന്നത് അതിന്റെ ആന്തരികഘടകങ്ങളെയും (constituent elements) ബാഹ്യസ്വാധീനങ്ങളെയും (external influences) വേർതിരിച്ച് കണ്ടെത്തുക വഴിയാണ്. അടുത്ത പടിയായി, അത്തരം ഘടകങ്ങളുടെയും സ്വാധീനങ്ങളുടെയും പരസ്പരപ്രവർത്തനം നിരീക്ഷിച്ചും വിശകലനം ചെയ്തും സൈദ്ധാന്തവൽക്കരിക്കുന്നു (theorize). ഈ അന്വേഷണശൈലിയാണ് സത്താപരവും രീതിശാസ്ത്രപരവുമായ വിശ്ലേഷണവാദം (ontological and methodological reductionism). അത്തരത്തിൽ രൂപംകൊടുത്ത സിദ്ധാന്തങ്ങൾക്ക് ശാസ്ത്രപരീക്ഷണങ്ങളുടെ ഫലം പ്രവചിക്കാൻ കഴിയുമ്പോഴാണ് ശാസ്ത്രം വിജയിക്കുന്നത്.

ഉദാഹരണമായി, ഒരു ദ്രവ്യത്തെ വിശ്ലേഷിച്ച് (അഥവാ അപഗ്രഥിച്ച്) അതിലടങ്ങിയിരിക്കുന്ന വ്യത്യസ്ത മൂലകങ്ങൾ (elements) കണ്ടെത്തുമ്പോൾ ആ ദ്രവ്യത്തിന്റെ സവിശേഷതകൾക്കുള്ള (characteristics) കാരണം അറിയുന്നു. ഒരു മൂലകത്തിന്റെ എല്ലാ സവിശേഷതകളും പുലർത്തുന്ന അടിസ്ഥാന ഘടകമായ ആറ്റത്തെ വിശ്ലേഷിച്ച് സബ്-അറ്റോമിക് ഘടകങ്ങൾ കണ്ടെത്തി അവയുടെ പരസ്പരപ്രവർത്തനവും ബാഹ്യഇടപെടലുകളും മനസ്സിലാക്കുമ്പോഴാണ് ആ മൂലകത്തെ വ്യക്തമായി അറിയുന്നത്.

ഈ ഗവേഷണരീതി ഊർജ്ജതന്ത്രത്തിൽ (physics) തുടങ്ങി, രസതന്ത്രം, ജീവശാസ്ത്രം, ഇത്യാദി എല്ലാ പ്രകൃതി ശാസ്ത്ര (natural sciences) ശാഖകളിലും വളരെ വിജയകരമാണ്. അത് ഓരോ പ്രകൃതിശാസ്ത്ര ശാഖയെയും മറ്റോരുന്നുമായി പൂർണമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണമായി, രസതന്ത്രത്തിലെ തന്മാത്ര, അയോൺ, ഇത്യാദി അടിസ്ഥാന ഘടകങ്ങളുടെ രാസഗുണങ്ങൾ എങ്ങനെ ആവിർഭവിക്കുന്നു എന്നത് ഊർജതന്ത്രത്തിൽ ആണവ ഘടനെയെക്കുറിച്ചുള്ള പഠനത്തിലൂടെ പൂർണമായും മനസ്സിലാക്കിയിട്ടുണ്ട്. രാസസ്വഭാവം എന്നത് ഊർജ്ജതന്ത്രത്തിലെ ചില പ്രതിഭാസങ്ങളെ മറ്റൊരു തലത്തിൽ നോക്കികാണുന്നത് മാത്രമാണ്. അതുപോലെ, ജീവശാസ്ത്രത്തിൽ പഠിക്കുന്ന ജൈവ ഗുണങ്ങളൊക്കെയും അതിലെ ഘടകങ്ങളായ രാസപദാർത്ഥങ്ങളുടെ രാസപ്രക്രിയകളായി തിരിച്ചറിയാം. ജീവശാസ്ത്രത്തിൽ ഒരു കോശത്തിന്റെയോ സസ്യത്തിന്റെയോ ജൈവ സവിശേഷതകൾ എങ്ങനെയാണ് അവയിലെ രാസഘടകങ്ങളുടെ സങ്കീർണമായ ചാക്രികപ്രതിപ്രവർത്തനങ്ങളെ (complex feedback loops of chemical reactions) ആശ്രയിച്ചിരിക്കുന്നത് എന്നത് ഇന്ന് ഏറെക്കുറെ വ്യക്തമാണ്. അതായത് ജൈവസ്വഭാവം എന്നത് രാസസ്വഭാവം തന്നെയാണ്, മറ്റു രാസപ്രക്രിയകളേക്കാൾ കൂടുതൽ സങ്കീർണവും സവിശേഷവും ആണെന്നേയുള്ളൂ.

രാഷ്ട്രമീമാംസ (political science), സാമ്പത്തികശാസ്ത്രം (economics), നീതിശാസ്ത്രം (ethics), നിയമവ്യവസ്ഥ (legal system), സദാചാരബോധം (morality), എന്നിങ്ങനെ എല്ലാ സാമൂഹ്യ ശാസ്ത്രങ്ങളിലും (social sciences) വിജയകരമാകേണ്ടത് ഈ വിശ്ലേഷണപരമായ (reductionistic) പഠനരീതി തന്നെയാണ്. സാമൂഹ്യശാസ്ത്രങ്ങളിലെ അടിസ്ഥാനഘടകം വ്യക്തിയാണ് (person). വ്യക്തികൾ വിവിധ താല്പര്യങ്ങളോടെ സമൂഹത്തിൽ ഇടപെടുമ്പോൾ ഉളവാകുന്ന വൈരുദ്ധ്യങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളും, അത്തരം ചലനങ്ങൾ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും സുഖദുഃഖങ്ങളെയും മോഹസാഫല്യങ്ങളെയും ബാധിക്കുന്നതുമാണ് ഇവിടെ ഗവേഷണം ചെയ്യപ്പെടുന്ന പ്രക്രിയകൾ.

ഭാഗം 3: ആന്തരികവും സാമൂഹികവുമായ പ്രതിസന്ധി

എന്നാൽ, വ്യക്തിയെ കുറിച്ചുള്ള പഠനം പ്രകൃതിശാസ്ത്രപരമായി നടത്തുമ്പോൾ ഇന്ന് ചെന്നെത്തുന്നത് ദ്രവ്യതന്മാത്രകൾ തമ്മിലുള്ള രാസപ്രവർത്തനത്തിലാണ്. ഇത് സാമൂഹ്യ ശാസ്ത്രങ്ങളുടെ അടിത്തറയായ വൈകാരിക ജീവിയായ വ്യക്തിയെ അത്ര കണ്ട്‌ ഉൾക്കൊള്ളുന്നില്ല. ജീവിക്കാനുള്ള അവകാശവും സുഖദുഃഖാനുഭവങ്ങളും ഇച്ഛാശക്തിയും ഉത്തരവാദിത്വബോധവും നൈതികബാധ്യതകളും ഒക്കെയുള്ള ഒന്നാണ് സാമൂഹ്യശാസ്ത്രങ്ങളുടെ അടിസ്ഥാനഘടകമായ വ്യക്തി. ഇങ്ങനെയൊരു വ്യക്തിയെ ഇന്ന് പ്രകൃതി ശാസ്ത്രത്തിലെ വ്യക്തിയിൽ കാണാൻ കഴിയുന്നില്ല. ഇതിനെ കുറിച്ച് ചിന്തിച്ചാൽ ചെന്നെത്തുക വ്യക്തിയുടെയും സമൂഹത്തിന്റെയും അടിത്തറ ഇളക്കുന്ന ചില സമസ്യകളിലായിരിക്കും.

സാമൂഹികമായ പ്രതിസന്ധി

ദ്രവ്യമൂലകങ്ങളുടെ (material elements) രാസപ്രവർത്തനമാണ് വ്യക്തിയെങ്കിൽ, വ്യക്തിയുടെ സുഖാനുഭവത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി സദാചാരമര്യാദകളും നൈതികതയും നിയമവ്യവസ്ഥയും സാമ്പത്തികവ്യവസ്ഥയുമൊക്കെ വിഭാവന ചെയ്യുന്നത് അർത്ഥവത്താണോ? രാസപ്രവർത്തങ്ങളിൽ ഉത്തരവാദിത്യബോധവും നൈതികബാധ്യതകളും ഒക്കെ പ്രതിഷ്ഠിക്കുന്നത് ശരിയാണോ? രാസപ്രവർത്തങ്ങൾക്ക് മേൽ കുറ്റമാരോപിച്ചും ശിക്ഷ വിധിച്ചുമുള്ള ഒരു നീതിശാസ്ത്രം വിഭാവന ചെയ്യുന്നതെങ്ങനെ? സാമൂഹ്യശാസ്ത്രങ്ങൾ ഊഹിക്കുന്ന ഇച്ഛാശക്തി വ്യക്തിയിൽ ഉണ്ടോ? ഇന്നത്തെ അവസ്ഥയിൽ സാമൂഹ്യ ശാസ്ത്രങ്ങൾ വിഭാവന ചെയ്യുന്ന വ്യക്തിയെയും പ്രകൃതിശാസ്ത്രത്തിൽ കാണുന്ന വ്യക്തിയെയും അതേപടി ഉപരിപ്ലവമായി വിളക്കിചേർക്കുന്നതിന് തടസങ്ങൾ ഏറെയാണ്. (ഈ വിഷയത്തിൽ വിശദമായ വിശകലനത്തിന് വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ  കാണുക.)

ഇവിടെ നാം കാണുന്നത്, പ്രകൃതിശാസ്ത്രങ്ങളിലെ വ്യക്തിയും സാമൂഹ്യശാസ്ത്രങ്ങളിലെ വ്യക്തിയും തമ്മിലുള്ള അന്തരം നികത്തിയില്ലെങ്കിൽ സാമൂഹ്യശാസ്ത്രങ്ങൾക്ക് പ്രസക്തിയില്ല എന്നതാണ്. സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിന്റെ അടിത്തട്ടിൽ തന്നെ ഇന്ന് അമൂർത്തമായ (abstract) ആശയങ്ങളും പരമ്പരാഗത ധാരണകളും കടന്ന് വരുന്നു. ഉദാഹരണമായി, വ്യക്തി എന്ത് ഭക്ഷിക്കാം, എന്ത് പ്രചരിപ്പിക്കാം, എന്ത് ധരിക്കാം, ഏത് സാമ്പത്തിക വ്യവസ്ഥയാണ് സമൂഹത്തിന് നല്ലത്, ഏതാണ് ശരിയായ രാഷ്ട്രസംവിധാനം, തുടങ്ങി പലകാര്യങ്ങളിലും വസ്തുനിഷ്ഠതയേക്കാൾ പാരമ്പര്യവും നാട്ടുനടപ്പും കൈയ്യൂക്കും പ്രചാരവേലകളും ഒക്കെയാണ് ഇപ്പോഴും സമൂഹത്തെ സ്വാധീനിക്കുന്നത്. ഇവിടെയാണ് സാമൂഹികമായ പ്രതിസന്ധി. ഇതൊക്കെ മാറി യാന്ത്രികമാകണമെന്നല്ല, കൂടുതൽ ശാസ്ത്രീയമായ നിഗമനങ്ങളിൽ എത്താനും സാമൂഹ്യക്ഷേമം വർദ്ധിപ്പിക്കാനും ശാസ്ത്രത്തിന് കഴിയണം.

ആന്തരികമായ പ്രതിസന്ധി

താൻ ഒരു കൂട്ടം ആറ്റങ്ങൾ മാത്രമാണെന്ന് പഠിക്കുന്ന വ്യക്തി തന്റെ വൈകാരികമായ നിലനിൽപ്പിന്റെ അടിത്തറ ഇളകുന്നതുമായി പൊരുത്തപ്പെടേണ്ടി വരുന്നതാണ് ആന്തരികമായ പ്രതിസന്ധി. ഒരുപാട് ചിന്തിച്ച്, ആയാസപ്പെട്ട് താൻ എത്തിച്ചേർന്ന ഓരോ തീരുമാനവും തന്റെ ബോധപൂർവമായ ഇടപെടലൊന്നും കൂടാതെ മസ്തിഷ്കത്തിൽ പ്രകൃതിനിയമങ്ങൾക്കനുസൃതമായി സ്വാഭാവികമായി സംഭവിച്ച രാസവ്യതിയാനങ്ങൾ മാത്രമായിരുന്നെന്ന ധാരണയിൽ വ്യക്തി എത്തിച്ചേരുന്നു. അപ്പോൾ, സമൂഹത്തോടും തന്നോടുതന്നെയും എങ്ങനെയാണ് പൊരുത്തപ്പെടേണ്ടത്? ഇത്തരത്തിൽ സ്വന്തം നിലനിൽപ്പ് അർത്ഥശൂന്യവും യുക്തിരഹിതവും (absurd) ആണെന്ന് അനുഭവപ്പെടുന്ന വ്യക്തികൾ പലപ്പോഴും വിഷാദത്തിലാണ്ട് തകർന്നു പോകാറുണ്ട്. എന്നാൽ, ഇവിടെയും കാര്യങ്ങൾ ഇങ്ങനെയല്ല എന്ന ഒരു ഏകദേശധാരണ പൊതുവെ നമുക്കുണ്ട്. മുന്നോട്ട് നയിക്കുന്ന ആ ധാരണ തകരാതെ നോക്കാൻ വ്യക്തി ശ്രമിക്കുന്നുണ്ട്. വ്യക്തിയുടെ ഭൗതികവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ തമ്മിലുള്ള വൈരുദ്ധ്യം വ്യക്തിയെ തകർക്കാതിരിക്കാൻ ഇന്നത്തെ വ്യക്തി പലപ്പോഴും ചെയ്യുന്നത് ആഴത്തിലുള്ള ചിന്തകൾ തന്നെ ഒഴിവാക്കി ഉപരിപ്ലവമായ ഒരു ജീവിതം നയിക്കാൻ ശ്രമിക്കുക എന്നതാണ്.

ഇത്തരം പ്രതിസന്ധികളിൽ, അറിയാതെയെങ്കിലും, പല ശാസ്ത്രാന്വേഷികൽ പോലും സത്താപരമായ സമഗ്രവാദത്തിലേക്കും (ontological holism) ആശയവാദത്തിലേക്കും (philosophical idealism) ആത്മീയവാദത്തിലേക്കും വഴുതിവീഴുന്നു. വ്യക്തിയിൽ, വിശ്ലേഷിച്ച് നോക്കാൻ പറ്റാത്ത, സമഗ്രതലത്തിൽ മാത്രം കാണുന്ന അമൂർത്തമായ എന്തോ ഒന്നുണ്ട് എന്ന വിശ്വാസമാണ് സത്താപരമായ സമഗ്രവാദം. ഇത് ശാസ്ത്രീയമായോ തത്വചിന്താപരമായോ എത്തിച്ചേർന്ന വിശ്വാസമല്ല. പലപ്പോഴും, ആവശ്യത്തിന് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സ്വന്തം നിലനിൽപ്പും സദാചാരബോധവും നൈതികതയും ഒക്കെ അർത്ഥവത്താക്കാൻ നാം അറിയാതെ എത്തിച്ചരുന്ന ഒരു അനുമാനം മാത്രമാണിത്.

മതം കടന്നുവരുന്ന വഴി

ഈ സാഹചര്യത്തിലാണ് വ്യക്തി, സമൂഹം എന്നീ മേഖലകളിൽ അന്ധമായ മതചിന്ത കടന്നുവരുന്നത്. ഇത്തരത്തിൽ സാമൂഹ്യശാസ്ത്രങ്ങളുടെ അടിത്തറയിൽ, പ്രത്യേകിച്ച് സദാചാരബോധത്തിലും മതവിശ്വാസങ്ങളും യാഥാസ്ഥിതിക ചിന്തകളും പാരമ്പര്യങ്ങളുമൊക്കെ അന്തർലീനമാകാറുണ്ട്. അതുകൊണ്ടാണ് പ്രകൃതി ശാസ്ത്രങ്ങളിലെ വിജയം ആവർത്തിക്കാൻ കഴിയാതെ സാമൂഹ്യശാസ്ത്രങ്ങൾ തർക്കവിഷയങ്ങളായി തുടരുന്നത്. ഈ മേഖലകളിൽ ശാസ്ത്രീയമായ പുരോഗതി സാധ്യമാകാത്തിടത്തോളം ജനം മതാന്ധകാരത്തെ അഭയം പ്രാപിയ്ക്കും. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിന് പ്രകൃതിശാസ്ത്രം, അഥവാ ഭൗതികശാസ്ത്രം (physical science), വ്യക്തിയെ, പ്രത്യേകിച്ചും വ്യക്തിയുടെ അനുഭവതലങ്ങളെ, കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്.

പ്രതിസന്ധിക്കുള്ള ശാസ്ത്രീയ പരിഹാരമാർഗം

ദ്രവ്യത്തിന്റെ (matter) ഒരു തലവും അവിഭാജ്യവും സ്ഥിരതയുള്ളതുമായ സത്ത (indivisible and unchanging essence) അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ, അതിന്റെ ആന്തരിക ഘടനാവിശേഷങ്ങളും പ്രക്രിയാവിശേഷങ്ങളും (functional characteristics) ശാസ്ത്രം കൂടുതൽ അടുത്തറിഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങനെ വിശ്ലേഷണപരമായ ഗവേഷണത്തിലൂടെ (reductionistic research) ശാസ്ത്രം എന്നും കൂടുതൽ ശക്തമായി. പക്ഷെ വ്യക്തിയെ വിശ്ലേഷണം ചെയ്ത് പഠിക്കുമ്പോൾ മേൽവിവരിച്ച പ്രതിസന്ധികൾ ഉയർന്നു വരുന്നു. ഇത് സൂചിപ്പിക്കുന്നത് ചില ആന്തരിക ഘടകങ്ങളെയോ പ്രക്രിയകളെയോ കണ്ടെത്താൻ ഇനിയും ബാക്കിയുണ്ടെന്നാണ്. അത്തരത്തിൽ വിട്ടുപോയ കണ്ണികളെ കൂടുതൽ അന്വേഷണത്തിലൂടെ കണ്ടെത്തുമ്പോൾ ഭൗതികശാസ്ത്രത്തിന് (അഥവാ, പ്രകൃതിശാസ്ത്രത്തിന്) മാനസ്സികവ്യാപാരങ്ങളെയും അനുഭവങ്ങളെയും ഇച്ഛാശക്തിയെയും മറ്റും ഘടനാപരവും പ്രക്രിയാപരവും വിശ്ലേഷണപരവുമായി പഠിക്കാൻ കഴിയും.

അനുഭവങ്ങളും വികാരങ്ങളുമുള്ള വ്യക്തിയെ വളരെ ശാസ്ത്രീയമായി തന്നെ വിശ്ലേഷണപരമായി അപഗ്രഥിക്കുന്നതിൽ ബുദ്ധൻ വിജയിച്ചിട്ടിട്ടുണ്ട്. വ്യക്തിയെ കുറിച്ച് പ്രകൃതിശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ കാഴ്ചപാടുകൾ തമ്മിലുള്ള അന്തരം നികത്താൻ ഉതകുന്നവയാണ് ബുദ്ധന്റെ കണ്ടെത്തലുകൾ.

പൊതുവെ, വ്യക്തിയെ വിശ്ലേഷണപരമായി പഠിക്കാനുള്ള ശ്രമങ്ങളൊക്കെ വ്യക്തിയെ തളർത്തുമ്പോൾ, ബൗദ്ധമാർഗത്തിലെ വിശ്ലേഷണപരമായ നിരീക്ഷണം വ്യക്തിയെ മാനസികവികാസത്തിലേക്കും ഉണർവിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ വ്യക്തിയെ കൂടുതൽ ഉത്തമമാക്കുകവഴി ഈ കണ്ടെത്തലുകൾ സാമൂഹ്യക്ഷേമത്തിനും വഴിതെളിക്കുന്നു. അതിലേക്ക് കടന്നു ചെല്ലുന്നതിന് മുമ്പായി, മതപരവും സമഗ്രവാദപരവുമായ സമീപനങ്ങളുടെ പോരായ്മയും കൂടി മനസ്സിലാക്കേണ്ടതുണ്ട്.

 

ഭാഗം 4: മതപരവും സമഗ്രവാദപരവുമായ (holistic) സമീപനങ്ങളുടെ പോരായ്മ

മതചിന്തയും ആത്‌മീയവാദവും ഈ പ്രതിസന്ധികൾക്ക് യഥാർത്ഥ പരിഹാരം നൽകുന്നില്ല. ഒരു ശാസ്ത്രാന്വേഷിയെ സംബന്ധിച്ചിടത്തോളം അറിവിലെ വൈരുദ്ധ്യങ്ങൾ അസ്വസ്ഥതയുളവാക്കുകയും ജിജ്ഞാസ വർദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത് അവനെ മുന്നോട്ട് നയിക്കുന്നു. പക്ഷെ, മതങ്ങളും ആത്മീയവാദവും ചെയ്യുന്നത് ആ വൈരുദ്ധ്യത്തെ നിഗൂഢവൽക്കരിച്ചും മഹത്വവൽക്കരിച്ചും ജിജ്ഞാസ കെടുത്തുകയാണ്. തൽഫലമായി ഒരു താത്കാലിക സുഖം ഉണ്ടാകുന്നു. അത് പരിഹാരമല്ല.

ആശകളും ആശങ്കകളും

മതം മനുഷ്യനെ ആകർഷിക്കുന്നത് ആശകളിലും ആശങ്കകളിലും പെട്ട് ഉഴലുന്ന മനുഷ്യന് വിദൂരഭാവിയെക്കുറിച്ച് പ്രത്യാശ നൽകുന്നതിലൂടെയാണ്. ആ പ്രത്യാശ പൊതുവെ മരണാനന്തരം മാത്രം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചതായതിനാൽ മതാനുഷ്ഠാനത്തിന്റെ അവകാശവാദങ്ങൾ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്നതല്ല. പലപ്പോഴും ഈ അവകാശവാദങ്ങൾ പൊള്ളയാകാം. ഗതകാല സ്മരണകളിലും ഭാവിയെ കുറിച്ചുള്ള ആശകളിലും ആശങ്കകളിലും വ്യാപരിച്ച് തളരുന്ന വ്യക്തിക്ക് മതം നൽകുന്ന ഏക ആശ്വാസം ഭാവിയ്ക്കുറിച്ചുള്ള ഒരു നല്ല സ്വപ്നം മാത്രമാണ്. പൊള്ളയായ ആ സ്വപ്നത്തിന്റെ സുഖത്തിൽ വ്യക്തി വർത്തമാനകാലത്തിന്റെ വേദനകളും ഭൂതകാലത്തിന്റെ കയ്പ്പേറിയ ഓർമ്മകളും ആസന്നഭാവിയെ കുറിച്ചുള്ള ആശങ്കകളും താത്കാലികമായി മറക്കുന്നു. ഇത് ഒരു യഥാർത്ഥ പരിഹാരമല്ല.

ബുദ്ധന്റെ മാർഗം വ്യത്യസ്തമാണ്. ഗതകാലസ്മരണകളിലും ഭാവിയെക്കുറിച്ചുള്ള ആശകളിലും ആശങ്കകളിലും വ്യാപരിക്കുന്ന വ്യക്തിയെ ഈ ക്ഷണത്തിന്റെ സംവേദനങ്ങളിലേക്കും അനുഭവങ്ങളിലേക്കും കൊണ്ടുവന്ന് നിരീക്ഷണക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ബൗദ്ധമാർഗത്തിലെ ആദ്യപടി. തുടക്കം മുതൽ തന്നെ പ്രായോഗികഗുണം നേരിട്ട് തിരിച്ചറിയാനും സാധിക്കുന്നു. മനോവികാസത്തിന് വിദൂരഭാവിയിലേക്ക് പ്രത്യാശയോടെ കാത്തിരിക്കേണ്ട കാര്യമില്ല. നിരീക്ഷണങ്ങളെ വിശകലനം ചെയ്ത് എത്തിച്ചേരുന്ന അറിവിലൂടെയാണ് മാർഗം മുന്നോട്ട് നീങ്ങുന്നത്.

സിദ്ധാന്തങ്ങളോടുള്ള വൈകാരികത

സിദ്ധാന്തങ്ങളോടുള്ള വൈകാരികതയും തുറന്ന നിരീക്ഷണങ്ങളോടുള്ള വൈമുഖ്യവും മതങ്ങളുടെ വലിയ പോരായ്മകളാണ്. മതസിദ്ധാന്തങ്ങൾ തുടങ്ങുന്നത് ദൈവവെളിപാടുകളായി പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളിലാണ്. അത്തരം സിദ്ധാന്തങ്ങളെ മതത്തിന്റെ അടിക്കല്ലായി സംരക്ഷിക്കേണ്ടി വരുന്നതിനാൽ അവയോടുള്ള സമീപനം പൊതുവെ വൈകാരികമായിരിക്കും. ശാസ്ത്രം നിരീക്ഷണങ്ങളിലൂടെ സിദ്ധാന്തത്തിലേക്ക് എത്തുകയും പുനർനിരീക്ഷണങ്ങളിലൂടെ സിദ്ധാന്തങ്ങളെ പരിഷ്കരിക്കുകയും ചെയ്യുന്നു. പക്ഷെ, മതം നിരീക്ഷണങ്ങളിലൂടെ പരതുന്നത് മുൻകൂറായി രൂപപ്പെടുത്തിയ സിദ്ധാന്തങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ ഉതകുന്ന വസ്തുതകൾക്ക് വേണ്ടിയാണ്. മതഗ്രന്‌ഥങ്ങൾ ശാസ്ത്രപ്രബന്ധങ്ങളെന്ന് പ്രഖ്യാപിക്കുന്നവർ പോലും അവയിലെ സിദ്ധാന്തങ്ങളെ ആരെങ്കിലും വിമർശനാത്മകമായി സമീപിച്ചാൽ, അവയുടെ പൊള്ളത്തരം തുറന്ന് കാട്ടിയാൽ, മതവികാരം വ്രണപ്പെട്ടെന്ന് വിലപിക്കാനും ക്ഷുഭിതരാകാനും തുടങ്ങും. അത്തരം വികാരങ്ങളിലൂടെ അന്വേഷണത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. വിമർശനാത്മകമായി പഠിക്കാതെയും നിരീക്ഷണങ്ങളിലൂടെ പരിഷ്കരിക്കാതെയും ഒരു യഥാർത്ഥ വിജ്ഞാനശാഖക്ക് നിലനിൽപ്പില്ല.

ഇവിടെയും, ബൗദ്ധദർശനവും പ്രയോഗവും, മതങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ബുദ്ധൻ ഉദ്ബോധിപ്പിച്ചത് തന്റെ വാക്കുകളെ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും കീറിമുറിച്ച് പരിശോധിക്കാതെ സ്വീകരിക്കരുതെന്നാണ്. ദർശനങ്ങളും സിദ്ധാന്തങ്ങളും തത്വചിന്തകളും, അത് ബൗദ്ധദർശനമായാൽ പോലും, വൈകാരികമായ കെട്ടുപാടായി മാറരുന്നതെന്നാണ് ബുദ്ധന്റെ നിലപാട്. കാരണം, അത് നിരീക്ഷണത്തിലൂടെയുള്ള നേരിട്ടറിവിനേയും യുക്‌തിപൂർവ്വമായ വിശകലനത്തെയും ബാധിക്കാം.

സമഗ്രവാദമെന്ന പുകമറ

മതപരമോ ആത്‌മീയമോ ആയ എല്ലാ അന്വേഷണങ്ങളുടെയും മറ്റൊരു പ്രധാന പോരായ്മ സത്താപരമായ സമഗ്രവാദമാണ് (ontological holism). മുമ്പ് ചർച്ച ചെയ്തത് പോലെ, സത്താപരവും രീതിശാസ്ത്രപരവുമായ വിശ്ലേഷണവാദമാണ് (ontological and methodological reductionism) ശാസ്ത്രത്തിന്റെ രീതി. അത്തരം പഠനം വഴിമുട്ടുന്ന സാഹചര്യങ്ങളിൽ മതവും ആത്മീയവാദികളും ചെയ്യുന്നത് മൂർത്തമായ (concrete) ഘടകങ്ങളിൽ ഇല്ലാത്ത എന്തോ ഒരു അമൂർത്തവും (abstract) അഖണ്ഡവുമായ (indivisible) സത്ത (essence) സമഗ്രവസ്തുവിലുണ്ട് എന്ന് വാദിക്കുകയാണ്. വ്യക്‌തിയിയുടെ നിഗൂഢതക്ക് ഉത്തരമായി ആത്മാവ് (Soul / Self), പ്രപഞ്ച രഹസ്യങ്ങൾക്ക് ഉത്തരമായി ദൈവം, ഇത്യാദി ആശയങ്ങൾ അവതരിപ്പിക്കുന്നത് സമഗ്രവാദത്തിന്റെ ഉദാഹരണങ്ങളാണ്. യഥാർത്ഥ ഗവേഷണം നടത്താതെ അജ്ഞതയെ മഹത്വവൽക്കരിക്കുക മാത്രമാണ് ഇത്തരം സമീപനം ചെയ്യുന്നത്. (ഈ വിഷയത്തിൽ കൂടുതൽ വിശദവിവരങ്ങൾക്ക്  സമഗ്രവാദവും വിശ്ലേഷണവാദവും  കാണുക)

ഇത്തരം സമഗ്രവാദത്തെ ഭേദിച്ചാണ് ബുദ്ധൻ തന്റെ കണ്ടെത്തലുകൾ നടത്തിയത്. എല്ലാ ആന്തരിക പ്രതിഭാസങ്ങളെയും മൂർത്തമായ നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും ഹേതു-ഫല ശൃംഖലയായി കണ്ടാണ് ബുദ്ധൻ തന്റെ അന്വേഷണം നടത്തിയത്. ഇത്തരത്തിൽ കാര്യകാരണങ്ങൾ മൂർത്തമായി തന്നെ തിരിച്ചറിയാൻ കഴിഞ്ഞതിനാൽ അമൂർത്തങ്ങളായ ആത്മസങ്കല്പങ്ങളെയും ദൈവസങ്കല്പങ്ങളെയും ബുദ്ധൻ അപ്പാടെ തള്ളി. അതിന്റെ അർത്ഥം വ്യക്തി ഇല്ലെന്നോ ദൈവികമെന്നു പലർക്കും തോന്നിയ അനുഭൂതികൾ ഇല്ലെന്നോ അല്ല. മറിച്ച്, വ്യക്തിയെയും അനുഭൂതികളെയും വ്യക്തിയുടെ മൂർത്തവും ചലനാത്മകവുമായ ആന്തരിക ഘടകങ്ങളുടെ പ്രക്രിയകളായി തിരിച്ചറിയുന്നു.

പാളുന്ന യുക്തിപ്രയോഗം

ആദ്ധ്യാത്മചിന്തകർ യുക്തിപ്രയോഗിക്കുന്ന രീതിയിലും ഉണ്ട് ചില പോരായ്മകൾ. ആദ്ധ്യാത്മ യുക്തിപ്രയോഗം പൊതുവെ തുടങ്ങുന്നത് അനുഭവവേദ്യമല്ലാത്ത കാര്യങ്ങളിലോ ചില അസാധാരണ അനുഭവങ്ങളുടെ വ്യാഖ്യാനങ്ങളിലോ ഊഹാപോഹപരമായ ഒരു നിലപാടെടുത്താണ്. അത്തരം ഊഹാപോഹങ്ങളെ യുക്തിചിന്തയിലൂടെ വികസിപ്പിച്ച് ഒരു തത്വസംഹിതയാക്കുന്നു. ഉദാഹരണമായി പലരും ആദ്യം ചെയ്യുക ഈശ്വരൻ, ആത്മാവ്, പ്രപഞ്ചത്തിന്റെ ഉത്പത്തി, ജനന-മരണങ്ങളുടെ ചക്രഗതിയിലെ ആദ്യത്തെ ജന്മം, പരലോകങ്ങൾ, ഇത്യാദി വിഷയങ്ങളിൽ ഒരു നിലപാടെടുക്കുകയാണ്. നമുക്ക് അനുഭവേദ്യമാകുന്ന കാര്യങ്ങളെ ഈ മുൻവിധിയിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്നതിനാൽ അവിടെ യുക്തിചിന്ത പരിമിതമാണ്. ഈ രീതിയെ ബുദ്ധൻ വിമർശിക്കുന്നുണ്ട്. കണ്ണെത്താദൂരത്തു നിന്നും എയ്ത അമ്പേറ്റ് വീണുകിടക്കുന്ന ഒരാൾ ആ അമ്പ് വേർപെടുത്തുകയും അമ്പിൽ വിഷമുണ്ടോയെന്ന് കണ്ടെത്തി മുറിവ് ഉണങ്ങാൻ വേണ്ട ചികിത്സ ചെയ്യുന്നതിനും പകരം, വേദനയിൽ പുളയുമ്പോഴും ആ അമ്പ് അയച്ച ആളുടെ രൂപവും ജാതിയും വില്ലുണ്ടാക്കാൻ ഉപയോഗിച്ച ദ്രവ്യവും ഏതെന്നു ചിന്തിച്ച് ഊഹാപോഹങ്ങളുമായി മരണാസന്നനായി കിടക്കുന്നതിനോടാണ് ബുദ്ധൻ ഇത്തരം തത്വചിന്തയയെ ഉപമിക്കുന്നത്.

ഊഹാപോഹങ്ങളിൽ ഊന്നിയ തത്വചിന്തയെ ഇങ്ങനെ പാടേ തിരസ്കരിച്ച ബുദ്ധൻ, തന്റെ അന്വേഷണം തുടങ്ങിയത് ഏതൊരു മനുഷ്യനും കടന്നുപോകുന്ന പച്ചയായ അനുഭവങ്ങളെ ആഴത്തിൽ പരിശോധിച്ചാണ്. നിർവ്വാണസുഖത്തെ കുറിച്ചു പോലും കാല്പനികതക്ക് ബൗദ്ധമാർഗത്തിൽ സ്ഥാനമില്ല. വർത്തമാനത്തിലെ അനുഭവങ്ങളുടെ മൂർത്തമായ നിരീക്ഷണങ്ങളിലൂടെയും തിരിച്ചറിവിലൂടെയും ദുഃഖനിരോധം നടത്തുമ്പോൾ നിർവ്വാണസുഖം നേരിട്ട് ഒരു വർത്തമാന അനുഭവമായി തിരിച്ചറിയുകയാണ് ചെയ്യുന്നത്.

അതിനായി, ബൗദ്ധമാർഗത്തിലെ അന്വേഷണം പുരോഗമിക്കുന്നത് ഇപ്രകാരമാണ്:

  1. അനുഭവങ്ങളെ, പ്രതേകിച്ചും സുഖദുഃഖാനുഭവങ്ങളെ വ്യക്തമായി നിരീക്ഷിച്ച് അവയുടെ സ്വഭാവം തിരിച്ചറിയുക.
  2. ദുഃഖാനുഭവങ്ങളുടെ കാരണം കണ്ടെത്തി, നാം ഒഴിവാക്കേണ്ട ഘടകങ്ങൾ തിരിച്ചറിയുക.
  3. ദുഃഖകാരണങ്ങൾ ഒഴിവാക്കിയാൽ ദുഃഖത്തിന് സമ്പൂർണ വിരാമം സാധ്യമാണോയെന്ന് തിരിച്ചറിയുക.
  4. ദുഃഖവിരാമത്തിനുള്ള മാർഗം തിരിച്ചറിഞ്ഞ് അത് നടപ്പിലാക്കുക.

ഇത് ആർക്കും വ്യക്തമായ നിരീക്ഷണങ്ങളിലൂടെ സ്വയം കണ്ടെത്താവുന്നതും കാര്യകാരണങ്ങളുടെ അപഗ്രഥനത്തിലൂടെ പരിവർത്തനത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് മാർഗം സ്വയം നടപ്പാക്കാവുന്നതുമാണ്. അതിനായി, അഗോചരമായ ഒരു ശക്തിയെയും ആശ്രയിക്കേണ്ടതില്ല. ഒരു ഗ്രന്ഥത്തെയും കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല. ആചാരാനുഷ്ഠാനങ്ങളുമായി കാലം തള്ളിനീക്കേണ്ടതില്ല.

 

 

ഭാഗം 5: ബുദ്ധന്റെ കണ്ടെത്തലുകൾ

ഇനി, ബുദ്ധന്റെ കണ്ടെത്തലുകളിൽ ഇവിടെ പ്രസക്തമായ ചിലതിലേക്ക് ഇറങ്ങിച്ചെല്ലാം.

1. പ്രാതിഭാസിക അനുഭവങ്ങളിലൂടെ വ്യക്തിയുടെ അപഗ്രഥനം (Analysis of person through phenomenological experiences)

നാം ഏറ്റവും പ്രാഥമികമായി അറിയുന്നത്, അതായത് നേരിട്ട് അറിയുന്നത് (direct perception) നമ്മിൽ ഉളവാകുന്ന പ്രാതിഭാസിക അനുഭവങ്ങളെയാണ്. ഒരു നിരന്തര പ്രവാഹമായി വന്നു പോകുന്ന ക്ഷണികമായ അനുഭവങ്ങളുടെ ധാരയിൽ ഒരു വലിയ പങ്കും പൊതുവെ ഉപബോധതലത്തിലെ പ്രക്രിയകളാണ്. അതിൽ ചിലതു മാത്രമാണ് ഉണർന്ന ബോധത്തിൽ നാം തിരിച്ചറിയുന്നത്. അതുകൊണ്ടാണ് അനുഭവങ്ങളുടെ ധാരയ്ക്ക് ഒരു അവ്യക്തതയും അമൂർത്തതയും തോന്നുന്നത്. അതിന്റെ ഓരോ ക്ഷണത്തെയും പൂർണമായി നിരീക്ഷിക്കാൻ നമുക്കാകുന്നില്ല. പക്ഷെ, അനുഭവങ്ങൾക്ക് ആധാരമായി അവയ്ക്ക് പിന്നിൽ നാം കാണുന്ന ബാഹ്യലോകത്തെ വസ്തുക്കളെ വസ്തുനിഷ്ഠമായി ആവർത്തിച്ച് നിരീക്ഷിച്ച്‌ വ്യക്തമായി കാണാൻ നമുക്കാകുന്നു. അതിനാൽ, ശാസ്ത്രാന്വേഷണവും ബാഹ്യലോകത്തെ വസ്തുക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അനുഭവവേദ്യമാകുന്ന വസ്തുക്കളെ, നിരീക്ഷണവും അപഗ്രഥനവും വഴി അനുഭവത്തിൽ നിന്ന് വേർപെടുത്തി വസ്തുനിഷ്ഠമായി ശാസ്ത്രം തിരിച്ചറിയുന്നു (inference).

ഇവിടെ ബുദ്ധൻ സ്വീകരിച്ചത് ഒരു വ്യത്യസ്ത പാതയാണ്. ബുദ്ധന്റെ താല്പര്യം അനുഭവങ്ങളുള്ള വ്യക്തിയിൽ ആയതിനാൽ, അനുഭവങ്ങളെ എങ്ങനെ സ്പഷ്ടമായും മൂർത്തമായും നോക്കിക്കണ്ട് അവയുടെ കാര്യകാരണങ്ങൾ അപഗ്രഥിക്കാം എന്നതായിരുന്നു പ്രധാനം. പൊതുവെ ഉപബോധപ്രക്രിയകളായി വന്നുപോകുന്ന പ്രാതിഭാസിക അനുഭവങ്ങളെ ബോധത്തിന്റെ തെളിമ വർദ്ധിപ്പിക്കുക വഴി പൂർണമായും ബോധതലത്തിലെ പ്രക്രിയകളായി മാറ്റാമെന്ന് ബുദ്ധൻ കണ്ടെത്തി. അത്തരം ഒരു മാർഗത്തിലൂടെ ആർക്കും തന്റെ ക്ഷണികമായ അനുഭവങ്ങളെ വ്യക്തമായും മൂർത്തമായും തിരിച്ചറിഞ്ഞ് അപഗ്രഥിക്കാൻ കഴിയും.

ഒരു വ്യക്തിക്ക് അനുഭവേദ്യമാകുന്നതെല്ലാം വിശകലനം ചെയ്തപ്പോൾ ബുദ്ധൻ ചെന്നെത്തിയത് അഞ്ച് തരം വ്യത്യസ്ത പ്രതിഭാസങ്ങളിലാണ്. ഇവയെ ബുദ്ധൻ പഞ്ചസ്കന്ദങ്ങൾ (അഞ്ച് കൂട്ടങ്ങൾ) എന്ന് വിളിച്ചു. (വിശദവിവരങ്ങൾക്ക് www.bodhimalayalam.org/skandangal കാണുക)

ഇവിടെ ശ്രദ്ധേയമായ ചില വസ്തുതകൾ പരാമർശിക്കേണ്ടതുണ്ട്. അഞ്ചിലൊന്ന് പ്രതിഭാസങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് പ്രകൃതി ശാസ്ത്രങ്ങൾക്ക് വ്യക്തിയെയും അനുഭവതലത്തെയും പഠിക്കുന്നതിൽ ഒരുപാട് മുന്നേറ്റം സാധ്യമാകാത്തത്. അഞ്ചുതരം പ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിശകലനം ചെയ്യാം എന്നതാണ് ശാസ്ത്രം ബുദ്ധനിൽ നിന്ന് ഉൾക്കൊള്ളാവുന്ന ഒരു പ്രധാന ദിശാബോധം.

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പ്രതിഭാസികവിജ്ഞാനം (phenomenology) എന്ന ഒരു പുതിയ ശാസ്ത്രശാഖ ഈ ദിശയിൽ രൂപംകൊണ്ടിട്ടുണ്ട്. എങ്കിലും എല്ലാ പ്രതിഭാസവർഗങ്ങളെയും ഉൾക്കൊള്ളുന്നതിലും നിരീക്ഷണക്ഷമത വർദ്ധിപ്പിക്കുന്നതിലും ഫലപ്രദമായ കണ്ടെത്തലുകൾ നടത്തുന്നതിലും ആ ശാഖ ഇനിയും മുന്നേറേണ്ടതുണ്ട്.

2. മനസ്സിന്റെ പഠനം പ്രകൃതിശാസ്ത്രശൈലിയിൽ (Naturalistic study of mind)

അനുഭവങ്ങളെ പല തത്വചിന്തകളും കണക്കാക്കുന്നത് ചലനമറ്റ കണ്ണാടി പോലുള്ള ഒരു അമൂർത്ത പ്രതലത്തിൽ പ്രതിഫലിക്കപ്പെടുന്ന അമൂർത്തമായ ആശയങ്ങളും മൂർത്തമായ ബാഹ്യവസ്തുക്കളും എന്നാണ്. എന്നാൽ, ബുദ്ധൻ പ്രാതിഭാസിക അനുഭവങ്ങളെ കണ്ടത് അങ്ങനെയല്ല. ബാഹ്യവും ആന്തരികവുമായ ഘടകങ്ങളിലൂടെ ഉരുത്തിരിഞ്ഞ് പരസ്പര പ്രക്രിയകളിൽ ഏർപ്പെടുകയും നിരന്തരം മാറികൊണ്ടിരിക്കുകയും ചെയ്യുന്ന മൂർത്തമായ പ്രതിഭാസങ്ങളായിട്ടാണ്. അവ മറ്റേതൊരു ഭൗതിക വസ്തുവിനെയും പോലെ ഹേതുഫല പ്രക്രിയകളിലൂടെയാണ് ആവിർഭവിക്കപ്പെടുന്നത്. അതിനാൽ, അവ ഭൗതികതയിൽ നിന്ന് വേറിട്ട അമൂർത്തമായ ആത്മീയ പ്രതിഭാസങ്ങളല്ല. ഭൗതികവും ആത്മീയവും എന്ന ദ്വന്ദങ്ങളായുള്ള വിഭജനത്തിന് ബൗദ്ധദർശനത്തിൽ സ്ഥാനമില്ല.

ബുദ്ധൻ മനസ്സിനെ കണ്ടത് മൂർത്തപ്രതിഭാസങ്ങളുടെ പരസ്പര പ്രവർത്തനമായിട്ടാണ്. അവിടെ, വിജ്ഞാനം (cognition) ഒരു ചലനമറ്റ പ്രതിഫലനപ്രതലമല്ല, മറിച്ച്, മറ്റു പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട് ഓരോ നിമിഷവും മാറിമറിഞ്ഞ് ഉരുത്തിരിയുന്ന ഒന്നാണ്. ആ രീതിയിലാണ്, ഭൗതികശാസ്ത്രങ്ങളെ പോലെ കാര്യകാരണബന്ധങ്ങളുടെ ശൃംഖലയായി വിശ്ലേഷണപരമായിത്തന്നെ (reductionistic analysis into a cause-effect chain) മനസ്സിനെ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും അനാവരണം ചെയ്യാനും കഴിയുന്നത്.

സ്കന്ദങ്ങൾ തമ്മിലുള്ള പ്രവർത്തനം, സുഖദുഃഖങ്ങളുടെ കാരണങ്ങൾ, വൈകാരികതയുടെ പ്രവർത്തനരീതി, അനുഭവങ്ങളുടെ വ്യക്തതയും വൈകൃതങ്ങളും ഉരുത്തിരിയുന്ന രീതി, എന്നിങ്ങനെ വ്യക്തിയുടെ ആന്തരികതലത്തെ കുറിച്ച് സ്പഷ്ടമായ കണ്ടെത്തലുകൾ ഈ തരത്തിൽ ബൗദ്ധദർശനത്തിൽ രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഒരു വ്യക്തിക്ക് ബോധപൂർവ്വമുള്ള ഇടപെടലുകളും പരിശീലനവും വഴി എങ്ങനെ ദുഖത്തിന്റെ കാരണങ്ങൾ ഇല്ലാതാക്കാം, വൈകാരിക ജീവി എന്ന നിലയിൽ ഒരു ഉത്തമപഥത്തിലേക്ക് ഉയരാം, മനസ്സിന്റെ വ്യക്തതയും കഴിവുകളും വർദ്ധിപ്പിക്കാം എന്നിങ്ങനെ പ്രയോഗികമൂല്യമുള്ള ഒരുപാട് മാർഗങ്ങളും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

 

3. ശാസ്ത്രീയമായ നിരീക്ഷണം അനുഭവതലത്തിൽ (Scientific observation of first person experiences)

അനുഭവങ്ങളെ നേരിട്ട് പഠിക്കുന്നതിന് ഇന്ന് ആധുനിക ശാസ്ത്രത്തിനുള്ള പരിമിതി എങ്ങനെ അത് വസ്തുനിഷ്ഠമാക്കും (objective) എന്നതാണ്. ആദ്യ ഗവേഷണത്തിൽ ഉൾപ്പെടാത്ത ഒരു മൂന്നാമൻ ആവർത്തിച്ചാലും ഗവേഷണത്തിൽ അതേ ഫലങ്ങൾ നിരീക്ഷിക്കാൻ കഴിയണമെന്നതാണ് (third-party verifiability) ഈ വസ്തുനിഷ്ഠത. ‘അനുഭവങ്ങൾ’ വ്യക്തി ആന്തരികമായി മാത്രം അറിയുന്നവ ആയതിനാൽ ഇത് എങ്ങനെ സാധ്യമാകും എന്നതാണ് പ്രശ്നം. ഇവിടെയും ബുദ്ധന്റെ മാർഗങ്ങൾ ശാസ്ത്രത്തിന് ദിശാബോധം നൽകാൻ ഉതകുന്നവയാണ്.

ബുദ്ധൻ കണ്ടെത്തിയ ധ്യാനമാർഗങ്ങൾ മറ്റു ധ്യാനങ്ങളെപോലെ ഉൾവലിഞ്ഞ് ചലനാത്മകത നഷ്ടപ്പെട്ട് ഇരിക്കാനുള്ളതല്ല. മറിച്ച്, അനുഭവപ്രക്രിയകളെ ഉപബോധതലത്തിൽ നിന്നും ബോധതലത്തിലേക്ക് എത്തിച്ച് വ്യക്തമായി സ്വയം നിരീക്ഷിക്കാൻ വ്യക്തിയെ പാകപ്പെടുത്തുന്ന തരത്തിലാണ്. വളരെ ചിട്ടയോട് കൂടിയ ഈ മാർഗങ്ങൾ അഭ്യസിക്കുമ്പോൾ വ്യക്തിയിൽ ഉളവാകുന്ന ക്രമാനുഗതമായ മാറ്റങ്ങൾ ബുദ്ധനും മറ്റു പല ബൗദ്ധമാർഗികളും വിവരിച്ചിട്ടുണ്ട്. നിരീക്ഷണ ഉപകരണങ്ങൾ ചിട്ടയോടെ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭൗതികശാസ്ത്രങ്ങളിൽ എങ്ങനെയാണോ മൂന്നാമനും നാലാമനും ഒരേ നിരീക്ഷണം സാധ്യമാകുന്നത്, അത് പോലെ, ധ്യാനമാർഗങ്ങളെന്ന ഉപകരണങ്ങൾ ചിട്ടയോടെ പല വ്യക്തികൾ ഉള്ളിൽ വികസിപ്പിച്ചെടുക്കുമ്പോൾ, ഒരേ തരം നിരീക്ഷണം സാധ്യമാകുന്നു.

പ്രാതിഭാസിക അനുഭവങ്ങളെ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പ്രവർത്തനവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന neurophenomenology എന്നൊരു ആധുനിക ശാസ്ത്രശാഖയും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട പല പരീക്ഷണങ്ങളും ഈ ശാഖ നടത്തുന്നുണ്ട്. അതിൽ ചിലത് ബൗദ്ധമാർഗികൾക്ക് പരിശീലനം വഴി ഉണ്ടാകുന്ന പ്രാതിഭാസിക അനുഭവങ്ങൾ ന്യൂറോൺ തലത്തിലെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുക എന്നതാണ്. ദീർഘകാലം ബൗദ്ധധ്യാനമുറകളിൽ പരിശീലനം നേടിയ വ്യക്തിക്ക് കരുണ, മൈത്രി ഇത്യാദി ഭാവങ്ങൾ യഥേഷ്ടം ഉദ്പാദിപ്പിക്കാൻ കഴിയുന്നു എന്നും അവ ന്യൂറോൺ തലത്തിൽ പ്രതിഫലിക്കുന്നുവെന്നും ഇത്തരത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതായത്, നിരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞൻ കരുണ ഉത്പാദിപ്പിക്കാൻ നിർദ്ദേശിച്ചാൽ ഉടൻ തന്നെ ധ്യാനിക്ക് സ്വന്തം താല്പര്യപ്രകാരം കരുണ ഉത്പാദിപ്പിക്കാൻ കഴിയുന്നു. കരുണ വ്യക്തിയുടെ നിയന്ത്രണത്തിലല്ലാതെ രാസപ്രവർത്തനഫലമായി ഉപരിപ്ലവമായി അനുഭവപ്പെടുന്ന ഒന്നായിരുന്നെങ്കിൽ ഇത് സാധ്യമാകില്ലല്ലോ. മസ്തിഷ്‌കം ചിന്തകളെയും വികാരണങ്ങളെയും സ്വാധീനിക്കുന്നതുപോലെ ചിന്തകളും വികാരങ്ങളും മസ്തിഷ്കത്തെയും സ്വാധീനിക്കുന്നു എന്നും ഈ പരീക്ഷണം വ്യക്തമാക്കുന്നു.

മാത്രമല്ല, ധ്യാനഫലമായി മസ്തിഷ്കത്തിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നെന്നും (neuroplasticity) ഈ ശാസ്ത്രശാഖ കണ്ടെത്തിയിട്ടുണ്ട്. (ref: Budda’s Brain: Neuroplasticity and Meditation, Richard J. Davidson and Antoine Lutz, IEEE Signal Processing Magazine, September, 2007) അതായത്, ദീർഘകാലത്തെ ധ്യാനപരിശീലനം വഴി വ്യക്തി നേടിയെടുക്കുന്ന പുതിയ വൈകാരിക തലം മസ്തിഷ്കത്തിന്റെ പ്രവർത്തനരീതികളിലും കാര്യമായ മാറ്റം കൊണ്ടുവരുന്നു.

 

4. സുഖവും സ്വൈര്യവും നമ്മുടെ കരങ്ങളിൽ

പലതരം നൈപുണ്യങ്ങൾ (skills) എങ്ങനെയാണോ പരിശീലനം വഴി പുഷ്ടിപ്പെടുന്നത്, അതുപോലെ തന്നെ പരിശീലനം വഴി വികസിപ്പിച്ചെടുക്കാവുന്ന നൈപുണ്യങ്ങളാണ് സുഖം, സ്വാസ്ഥ്യം, ക്ഷേമാനുഭൂതി, ഇത്യാദി മാനസികാവസ്ഥകൾ എന്നും ബുദ്ധൻ കണ്ടെത്തി. ഇതിനായി പല പരിശീലന രീതികളും ബൗദ്ധമാർഗികൾ വികസിപ്പിച്ചിട്ടുണ്ട്. ചിട്ടയായ പരിശീലനത്തിലൂടെ ഇത്തരം മനോവികാസം ബൗദ്ധമാർഗികൾ അനുഭവപരമായി (first person experience) കാലങ്ങളായി തെളിയിക്കുന്നതാണ്. ബൗദ്ധമാർഗികളിൽ നടത്തിയ ന്യൂറോഫിനോമിനോളജി പരീക്ഷണങ്ങൾ തേർഡ് പാർട്ടി ഒബ്സർവേഷൻ വഴി ആധുനിക ശാസ്ത്രം ഈ വാദം ശരിവയ്ക്കുന്നു.

 

5. അടിത്തറയില്ലായ്മയുടെ സ്വാതന്ത്ര്യവും പരസ്പരാശ്രയത്വവും (The Freedom of Groundlessness and interdependence)

വിശ്ലേഷണപരമായ അപഗ്രഥനത്തിൽ കണ്ടെത്തുന്നത് നൈമിഷികമായി വന്നുമറയുന്ന പ്രാതിഭാസിക അനുഭവങ്ങളുടെ ഒരു ധാരയാണ് വ്യക്തി എന്നാണല്ലോ. ക്ഷണിക പ്രതിഭാസങ്ങളുടെ ധാരയല്ലാതെ ‘ഞാൻ’ എന്ന പദത്താൽ സൂചിതമാകാവുന്ന ഒരു ശാശ്വത സത്തയും വ്യക്തിയിൽ ഇല്ല. വ്യക്തിയുടെ എല്ലാ അനുഭവങ്ങളെയും സ്മരണകളെയും ഇച്ഛാശക്തിയെയും ചേഷ്ടകളെയും അവയുടെ കാരണങ്ങളെയും ഈ ധാരയിൽ കണ്ടെത്താനും പരിവർത്തനം ചെയ്യാനും കഴിയുന്നതിനാൽ അഗോചരമായ ഒരു സത്ത ആരോപിക്കേണ്ട ആവശ്യവുമില്ല.

അത്യാധുനിക തത്വചിന്തതകളും (postmodernism) ശാസ്ത്രത്തിലെ കണ്ടെത്തലുകളും വ്യക്തിയുടെ അടിത്തറയില്ലായ്മ ഇന്ന് തിരിച്ചറിയുന്നുണ്ട്. പക്ഷെ, പലപ്പോഴും അത് കൊണ്ടെത്തിക്കുന്നത് വിഭ്രാന്തിജനകമായ ഒരു അർത്ഥശൂന്യതയിലാണ്. സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥ. നാം കെട്ടുറപ്പുള്ളതെന്ന് കരുതി ഉറച്ച് ചവിട്ടിയിരുന്ന നിലം പെട്ടെന്ന് ഇല്ലാതാകുന്നത് പോലെയുള്ള അവസ്ഥ.

ന്യൂറോഫിനോമിനോളജിയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ ഫ്രാൻസിസ്‌കോ വരേലയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്, “അടിത്തറയില്ലായ്മയെന്ന ഗഹനമായ ഒരു തിരിച്ചറിവിൽ ഇന്ന് നാം ചെന്ന് നിൽക്കുന്നു – ശാസ്ത്രത്തിലും സാഹിത്യാദിമാനവിക വിഷയങ്ങളിലും സമൂഹത്തിലും വ്യക്തികളുടെ ദൈനംദിന ജീവിതത്തിലെ അനിശ്ചിതത്വത്തിലും ഒക്കെ ഇത് ദൃശ്യമാണ്. … ഈ അടിത്തറയില്ലായ്മയെ ഒരു കുറവായും നഷ്ടമായും കാണുമ്പോൾ അത് അന്യവത്കരണത്തിലേക്കും വിഷാദത്തിലേക്കും ഹൃദയഭേദകതയിലേക്കും അർത്ഥശൂന്യതയിലേക്കും നയിക്കുന്നു. നമ്മുടെ (പാശ്ചാത്യ) സംസ്കാരത്തിൽ ഇതിന് പൊതുവെ സ്വീകരിക്കുന്ന പ്രതിവിധി ഒരു പുതിയ അടിത്തറ കണ്ടെത്തുകയോ. അല്ലെങ്കിൽ പഴമയുടെ അടിത്തറയിലേക്കുള്ള ഒരു തിരിച്ചുപോക്കോ ആണ്. … ബൗദ്ധദർശനം വ്യക്തമാക്കുന്നത് മറ്റൊരു സാധ്യതയാണ്. ആ അടിത്തറയില്ലായ്മയെ പുണർന്ന് അതിന്റെ പരിസമാപ്തിവരെയും പിന്തുടരുമ്പോൾ പരിണതമാകുന്നത് നൈസർഗികമായ നന്മയുടെ നിരുപാധികമായ ഭാവമാണ്. അത് സ്വതവേ തെളിഞ്ഞുവരുന്ന അനുകമ്പയായി ഈ ലോകത്ത് ആവിഷ്കരിക്കപ്പെടുന്നു.” (Ref:The embodied mind: Cognitive science and human experience)

അടിത്തറയില്ലായ്മയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ബൗദ്ധമാർഗം നമ്മളെ കൊണ്ടെത്തിക്കുന്നത് പരിപൂർണമായ ആന്തരിക സ്വാതന്ത്ര്യത്തിലേക്കും ഉണർവിലേക്കും എല്ലാത്തിനെയും ഗ്രസിക്കുന്ന ആത്യന്തിക സുഖത്തിലേക്കുമാണ്. ആശയവിചാരത്തിലൂടെയല്ല, മറിച്ച്, പ്രാതിഭാസിക അനുഭവങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങിചെന്ന് ഉൾകാഴ്ച വളർത്തിയാണ് ബൗദ്ധമാർഗി അടിത്തറയില്ലായ്മ തിരിച്ചറിയുന്നത്. അങ്ങനെ അടിത്തറയില്ലായ്മ, മേഘശകലങ്ങൾ പോലെ അനുഭവങ്ങൾ വന്നുമറയുമ്പോഴും തെളിമയോടെ നിലകൊള്ളുന്ന തുറന്ന ആകാശത്തിന്റെ അനുഭവമാകുന്നു. ഭയക്കാനും വെറുക്കാനും ഉതകുന്നതായി ഒന്നുമില്ലാത്ത ആ അവസ്ഥയിൽ നിറയുന്ന ആരോടെന്നില്ലാത്ത മഹാകരുണ ആ ശൂന്യതയെ ആർദ്രവും അർത്ഥവത്തുമാക്കുന്നു. പ്രതിഭാസങ്ങളുടെയും ലോകകാഴ്ചകളുടെയും പരസ്പരാശ്രയത്വം ആ ശൂന്യതയെ കൂടുതൽ അർത്ഥവത്താക്കുന്നു.

ഈ സുഖകരമായ ശൂന്യതയുടെ അറിവ് പരസ്പാരാശ്രയത്തിന്റെ തിരിച്ചറിവും കൂടെയാണ്. അടിത്തറയില്ലായ്മയുടെ തുറന്ന് വിശാലമായ സ്വാതന്ത്ര്യത്തിൽ നിലകൊണ്ട് നമുക്ക് ബാഹ്യലോകത്തെ ഇടപാടുകൾ നന്നായി നിർവഹിക്കാൻ കഴിയും. കാരണം, ഓരോ പ്രതിഭാസങ്ങളുടെയും ഹേതു-ഫല ബന്ധങ്ങൾ അവിടെ സ്പഷ്ടമാണ്.

അത്തരം ഒരു സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നത് അടിത്തറയുണ്ട് എന്ന മിഥ്യാബോധവും അതിൽ നിന്നും ഉടലെടുക്കുന്ന പിരിമുറുക്കവും (ഉപാദാനം) ആണ്. അത്തരം പിരിമുറുക്കങ്ങളും ചട്ടക്കൂടുകളും ഭേദിക്കുക എന്നതാണ് സ്വാതന്ത്ര്യത്തിലേക്ക് ബുദ്ധൻ കണ്ടെത്തിയ മാർഗത്തിന്റെ ഒരു നിർണ്ണായക ഘടകം. ഇങ്ങനെ ഒഴിവാക്കപ്പെടേണ്ട നാല് പിരിമുറുക്കങ്ങളാണ് (www.bodhimalayalam.org/upaadaanam) ബുദ്ധൻ കണ്ടെത്തിയത് – കാമോപാദാനം, ശീലോപാദാനം, ദൃഷ്ടി ഉപാദാനം, ആത്മവാദ ഉപാദാനം.

അടിത്തറയില്ലായ്മ അഥവാ അസ്തിത്വമില്ലായ്മ എന്ന ബുദ്ധന്റെ കണ്ടെത്തലിനെ AD 2 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആചാര്യ നാഗാർജ്ജുനൻ നാസ്‌തികതയുടെ ഏറ്റവും ശക്തവും യുക്തിഭദ്രവും ആയ ഒരു തത്വചിന്തയായി വികസിപ്പിച്ചു. ബാഹ്യമോ ആന്തരികമോ ആയ ഒന്നും തന്നെ സ്വതന്ത്രമായി നിലകൊള്ളുന്നില്ലെന്നും ദ്രവ്യമായാലും അനുഭവമായാലും അവയുടെ നിലനിൽപ്പ് പല ഘടകങ്ങളുടെയും സ്വാധീനങ്ങളുടെയും പരസ്പരാശ്രയത്തിൽ മാതമാണെന്നും നാഗാർജ്ജുന യുക്തിഭദ്രമായ അപഗ്രഥനങ്ങളിലൂടെ തെളിയിച്ചു. ഏതെങ്കിലും ദ്യവ്യമോ അനുഭവമോ സ്വതന്ത്രമായി നിലനിക്കുന്നു എന്ന് കരുതുമ്പോൾ അതിനർത്ഥം അവിടേക്ക് നമ്മുടെ അന്വേഷണം ഇനിയും കൂടുതൽ ആഴത്തിൽ പോകേണ്ടതുണ്ടെന്നാണ്. എല്ലാത്തരം അസ്തിത്വവാദങ്ങളും ഭേദിച്ച് അവയെ ഹേതുക്കളും ഉപാധികളും വഴി മാത്രം നിലനിൽക്കുന്നവയെന്ന് (പ്രതീത്യസമുദ്പാദം) തിരിച്ചറിയുമ്പോഴേ നമ്മുടെ അറിവ് പൂർണമാകുന്നുള്ളൂ. ബൗദ്ധദർശനത്തിലെ ഈ കാഴ്ചപ്പാടിനെ ശൂന്യതാവാദം എന്ന അറിയപ്പെടുന്നു. ഇതാണ് ഏറ്റവും ശക്തമായ നാസ്തികവാദം.ഇതാണ് തികഞ്ഞ ശാസ്ത്രബോധം. ശാസ്ത്രത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന വിശ്ലേഷണവാദത്തിന്റെ പാരമ്യവും ഇതുതന്നെയാകും. (കൂടുതൽ വിവരങ്ങൾക്ക് www.bodhimalayalam.org/nagajunante-nastikavadam കാണുക )

 

6. മഹത്വവൽക്കരിക്കാത്ത അനുഭവങ്ങൾ (experiences without glorifications)

തികഞ്ഞ നാസ്തികനായിരിക്കെ തന്നെ ബുദ്ധന്റെ അന്വേഷണശൈലി എല്ലാത്തരം അസാധാരണ അനുഭവങ്ങളെയും ഉൾക്കൊള്ളുന്നതാണ്. പക്ഷെ, അനുഭവങ്ങളെ ആസ്പദമാക്കി ഊഹാപോഹങ്ങളുടെ തത്വശാസ്ത്രങ്ങൾ നിർമ്മിക്കപ്പെടുന്നതിനെയും അനുഭവങ്ങളിൽ കടിച്ചുതൂങ്ങുന്നതിനെയും ബുദ്ധൻ നിരാകരിക്കുന്നു. ഉദാഹരണമായി, പഞ്ചേന്ദ്രിയങ്ങളെ ശമിപ്പിച്ച് ഏകാഗ്രമായി ധ്യാനിക്കുമ്പോൾ മനസ്സിന്റെ ഉണർവ് പ്രകാശമായും പല രൂപങ്ങളായും മറ്റും അനുഭവപ്പെടാം. സുഖകരമാണെങ്കിലും അവയും അടിത്തറയില്ലാത്ത പ്രാതിഭാസിക അനുഭവങ്ങൾ മാത്രമാണ്. മറ്റൊരു ഉദാഹരണമായി, ഉൾവലിഞ്ഞ ധ്യാനത്തിന്റെ ഗഹനതയിലേക്ക് കടക്കുമ്പോൾ, വസ്തുക്കളൊന്നും ഇല്ലാത്ത തെളിഞ്ഞ ബോധത്തിന്റെ പരപ്പ് അനുഭവപ്പെടും. പക്ഷെ ഇതും മറ്റൊരു പ്രാതിഭാസിക അനുഭവം മാത്രമാണ്. എന്നാൽ, ഈ ബോധമാണ് ശാശ്വതവും അഖണ്ഡവുമായ അസ്തിത്വമെന്നോ ജഗത്തിന്റെ സത്തയെന്നോ ഒക്കെ ആശയവൽക്കരിച്ച് മുറുകെപ്പിടിക്കുമ്പോൾ അത് വീണ്ടും പിരിമുറുക്കങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു.

ഇത് മനസ്സിലാക്കാത്തപ്പോഴാണ് ചില ധ്യാനികൾ ചില പ്രതിഭാസങ്ങളെ മഹത്വവൽക്കരിക്കുന്നതും ദൈവത്തിന്റെ നേർക്കാഴ്ച എന്നൊക്കെ കരുതി മുറുകെപ്പിടിക്കുന്നതും. അപ്പോൾ ധ്യാനി അന്ധവിശ്വാസങ്ങളിലേക്കും ആത്മീയ പിരിമുറുക്കങ്ങളിലേക്കും ഒക്കെ വഴുതി വീഴുന്നു. ധ്യാനാനുഭവങ്ങളിൽ നിന്നും ഉടലെടുക്കുന്ന ഇത്തരം തെറ്റായ പ്രവണതകളെയും നിഗമനങ്ങളെയും ബുദ്ധൻ പൊളിച്ച് കാണിക്കുന്നുണ്ട്. അതേസമയം, മഹത്വവൽക്കരിക്കാതെ തന്നെ, അനുഭവങ്ങളിലൂടെ ക്രമാനുഗതമായി സഞ്ചരിച്ച് അവയെ മനോവികാസത്തിന് ഉപയോഗിക്കാനുള്ള സാധ്യത ബൗദ്ധമാർഗികൾ നന്നായി ഉപയോഗിക്കാറുമുണ്ട്.

 

7. സാമൂഹ്യവീക്ഷണം (social outlook)

ബുദ്ധന്റെ സാമൂഹിക വീക്ഷണങ്ങളും നൈതികതയും സമചിത്തതയും കാരുണ്യവും അന്നത്തെ വ്യവസ്ഥിതികളോടുള്ള ഒരു വെറും പ്രതിഷേധമോ യാദൃശ്ചികതയോ അല്ല, അവ അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ നേർ പ്രതിഫലനങ്ങളാണ്. താൻ കണ്ടെത്തിയ ലോകദർശനത്തിന്റെയും ആത്മാവില്ലാത്ത ആദ്ധ്യാത്മദർശനത്തിന്റെയും സ്വാഭാവികമായ പരിണതഫലമാണ് ബുദ്ധന്റെ വ്യക്തിത്വവും സാമൂഹ്യവീക്ഷണവും.

ബുദ്ധനെക്കുറിച്ച് സ്വാമി വിവേകാനന്ദൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു, “ദൈവമില്ല, ആത്മാവില്ല. എങ്കിലും സ്വന്തം കാലുകളിൽ നിന്നുകൊണ്ട് നന്മ ചെയ്‌യുക! ശിക്ഷാഭയത്താൽ അല്ല. ഒരിടവും എത്തിച്ചേരാനുമല്ല. നന്മ ചെയ്യാൻ മാത്രമായി നന്മ ചെയ്യുക! പ്രേരണകളില്ലാതെ സ്വബുദ്ധിയിൽ നിലകൊള്ളുക! ഭയങ്കരം! ഭയങ്കരം! എനിക്ക് അദ്ദേഹത്തിന്റെ തത്വശാസ്ത്രങ്ങളോട് ഒട്ടും അനുഭാവം ഇല്ല. എന്നാലും ആ ധാർമികത എന്നെ അസൂയാലുവാക്കുന്നു…. എനിക്ക് ആ ശക്തിയില്ല. അത്തരം ഒരു ശക്തി ഈ ലോകം വേറെ കണ്ടിട്ടില്ല” (Speech at the Shakespeare Club, Pasadena, California, on February 2, 1900)

ആത്മാവ്, ദൈവം തുടങ്ങിയ സമഗ്രവാദ സങ്കല്പങ്ങളിൽ അഭയം പ്രാപിക്കാതെ, എല്ലാ സത്താസങ്കല്പങ്ങളുടെയും സ്വത്വബോധത്തിന്റെയും അടിത്തറയിളക്കി, പ്രതിഭാസങ്ങളുടെ ആത്യന്തിക ശൂന്യതയും പരസ്പരാശ്രയത്വവും കണ്ടറിഞ്ഞത് കൊണ്ട് തന്നെയാണ് ബുദ്ധന് ഇങ്ങനെ സധൈര്യം, സകരുണം, സ്വബുദ്ധിയിൽ നിലകൊള്ളാൻ കഴിഞ്ഞത്. മുമ്പ് ചർച്ചചെയ്തതുപോലെ വ്യക്തിയുടെ അടിത്തറയിളകുമ്പോൾ തിരിച്ചറിയുന്ന ശൂന്യതയുടെ സ്വാഭാവിക ഭാവങ്ങൾ തന്നെയാണ് മഹാമൈത്രിയും മഹാകരുണയും സമത്വഭാവവും സമചിത്തതയുമൊക്കെ.

ജാതിവർണ്ണഭേദങ്ങൾ അർത്ഥശൂന്യമെന്ന് പ്രഖ്യാപിച്ച് സകലമനുഷ്യരെയും ഒരുപോലെ ഉൾക്കൊള്ളാനും സകല ജന്തുക്കളെയും ഒരുപോലെ സ്നേഹിക്കാനും രാജാക്കന്മാരെ പോലും അഹിംസാമാർഗത്തിൽ കൊണ്ടുവരാനും ബുദ്ധന് കഴിഞ്ഞത് തന്റെ കണ്ടെത്തലുകളുടെ പിൻബലത്തിൽ തന്നെയാണ്.

ഉപസംഹാരം
ഇന്ത്യയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു നവോത്ഥാനപ്രസ്ഥാനം ഉടലെടുത്തെങ്കിലും അത് ഭാഗികമായിരുന്നു. ഇരുണ്ട യുഗത്തിൽ നിന്നും പൂർണമായി പുറത്തുകടക്കുന്നതിന് പകരം മതചിന്തകളുടെ ഒരു മധ്യകാല പഴമയിലാണ് അത് നമ്മെ കൊണ്ടെത്തിച്ചത്. ബി.സി. അഞ്ചാം നൂറ്റാണ്ടു മുതൽ എ.ഡി. എട്ടാം നൂറ്റാണ്ട് വരെ ഇന്ത്യയുടെ പുരോഗമനചിന്തയുടെയും അന്വേഷണത്തിന്റെയും കാതലായിരുന്ന ബൗദ്ധചിന്തകളെ കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ നവോത്ഥാനപ്രസ്ഥാനം പൊതുവെ അജ്ഞത പുലർത്തി.

അന്ധകാരത്തിൽ നിന്ന് ഉണരാൻ നമുക്കാവശ്യം ഗതകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കല്ല. മുന്നോട്ട് നോക്കിയുള്ള ഒരു ജ്ഞാനോദയമാണ്. അവിടെ നമ്മൾ ബൗദ്ധദർശനത്തിൽ നിന്നും യൂറോപ്യൻ ജ്ഞാനോദയത്തിൽ നിന്നും ആധുനിക ശാസ്ത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ലോകത്തിന് തന്നെ മാതൃകയാകാവുന്ന ഒരു പുരോഗമന സമൂഹത്തെ വാർത്തെടുക്കേണ്ടതുണ്ട്. ശാസ്ത്രീയവും സാര്‍വ്വത്രികവുമായ ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെയും സദാചാരബോധത്തിന്റെയും നൈതികതയുടെയും വികസനത്തിന് ഇത് ആവശ്യമാണ്. സ്വതന്ത്രചിന്തകർക്ക് ഇതിൽ ഒരു വലിയ പങ്ക് വഹിയ്ക്കാൻ കഴിയും.

പ്രകൃതിശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്രങ്ങളും ഒത്തിണങ്ങിയ വികസനമാണ് ശാസ്ത്രത്തിന്റെ ഇനി കാണാനിരിയ്ക്കുന്ന ഒരു വലിയ കാൽവെയ്പ്പ്. അതിനായി ഒരു ആഗോള ജ്ഞാനോദയപ്രസ്ഥാനം യുക്തി-തത്വ ചിന്തകളിലൂടെ ഇനിയും രൂപം കൊള്ളേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *