ദർശനം

കരുണ  – നിഷ്ക്രിയത്വത്തിന് തടയിടുന്ന ഉൾത്തുടിപ്പ്

Malayalam Article about Compassion in Buddhism

 

കരുണ - നിഷ്ക്രിയത്വത്തിന്റെ ഉൾത്തുടിപ്പ് Compassion
Photo credit: Lokesvara Statue at Bodhikshetra Buddha Vihara

 ബൗദ്ധമാർഗ്ഗത്തിലൂടെയുള്ള യാത്രയെ, പ്രത്യേകിച്ചും  ബോധിസത്ത്വ മാർഗ്ഗത്തിലൂടെയുള്ള യാത്രയെ, സംസാരസാഗരത്തിലൂടെയുള്ള ആനന്ദമയമായ ഒരു ഇളംതെന്നലാക്കുന്നത് മൈത്രിയും കരുണയുമാണ്. അപരന്റെ വേദനകൾ അകറ്റാനായി നമ്മുടെ മനസ്സ് തുടിക്കുമ്പോഴാണ്, ആദ്ധ്യാത്മജ്ഞാനം ആത്മസുഖത്തിൽ ലയിച്ചുള്ള നിഷ്‌ക്രിയത്വമാകാതെ നമ്മെ മുന്നോട്ട് ചലിപ്പിക്കുന്നത്. ആ തുടിപ്പാണ് കരുണ. അശാന്തിയിലാണ് കരുണയുടെ ഉത്ഭവമെങ്കിലും അനിതരസാധാരണമായ പ്രവർത്തനശക്തിയുടെയും ശാന്തിയുടെയും സുഖസംതൃപ്തികളുടെയും പ്രഭവസ്ഥാനം കൂടിയാണ് കരുണ. നിഷ്ക്രിയത്വത്തിന് തടയിടുന്ന ഉൾത്തുടിപ്പായി മഹാകരുണ നിലനിൽക്കുന്നതുകൊണ്ടാണ് ബുദ്ധത്വം ശാന്തിയും പരോപകാരപരതയും അഭേദ്യമായി ഒരുമിക്കുന്ന അവസ്ഥയാകുന്നത്. 

കവി സ്റ്റീഫൻ ലെവിന്റെ വരികർ കടമെടുത്താൽ, 

    “When your fear touches someone’s pain, it becomes pity, 

      When your love touches someone’s pain, it becomes compassion.” 

ഭയം ദുഃഖത്തെ സ്പർശിക്കുമ്പോൾ അത് നിങ്ങളെ  അലോരസപ്പെടുത്തുന്ന തിക്താനുഭവമാകുന്നു. സ്നേഹം ദുഃഖത്തെ സ്പർശിക്കുമ്പോൾ അത് കരുണയാകുന്നു. അപരന്റെ അസുഖങ്ങളും ദുരിതങ്ങളും കാണുമ്പോൾ, നാം ആ അനുഭവത്തെ സമീപിക്കുന്നത് അപരത്വത്തോടും ഭയത്തോടുമാണെങ്കിൽ, അത് ഉള്ളിൽ ഒരു വല്ലാത്ത പിടപ്പാകുന്നു. പലപ്പോഴും ഇങ്ങനെയൊന്ന് നമുക്ക് വരരുതേ എന്ന ചിന്തയോടെ ആ അനുഭവത്തെ കാണാതിരിക്കാനും മറക്കാനും പലരും ശ്രമിക്കുന്നു. വേദനിക്കുന്നവരോട് സഹതാപമുണ്ടെങ്കിലും ഈ ഭയം കലർന്ന സഹതാപം നമ്മെ അശക്തരാക്കുന്നു. ഭയത്തിന്റെ കൂടാരത്തിൽ ഒളിച്ചിട്ട്, മടിയോടെ കൈ പുറത്തോട്ടിട്ട് അകൽച്ചയോടെ അന്യന് ഭിക്ഷ കൊടുക്കുന്നപോലുള്ള ഒരു അനുഭവമാകും അപ്പോൾ ഉളവാകുന്ന ദയ.

ഇതിൽ നിന്നും വ്യത്യസ്തമാകുന്നു മൈത്രീഭാവം ഉള്ളിൽ ഉണരുമ്പോൾ. മൈത്രി വേദനയെ സ്പർശിക്കുമ്പോൾ കരുണ ഉദിക്കുന്നു. മൈത്രിയുടെ ശക്തിയിൽ നാം അപരന്റെ അസുഖങ്ങളും ദുരിതങ്ങളും അറിയുമ്പോൾ, അവിടെ ശക്തമായ കരുണ ഉളവാകുന്നു. കരുണ നമ്മെ തളർത്തില്ല, കൂടുതൽ ശക്തരാക്കും.  ഭയത്തിന്റെ കൂടാരങ്ങളിൽ ഒളിക്കാതെ, അശാന്തിയുടെ സകല തലങ്ങളും ശാന്തധീരമായി കടന്നുപോകാനുള്ള വികാസവും തുടിപ്പുമാണ്  കരുണ കൊണ്ടുവരുന്നത്. 

ഏതൊരു ദുഖമാണോ, ദുരിതമാണോ, നമ്മൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നത്, മൈത്രിയും അറിവുമുള്ള ഒരാൾ ആ ദുഃഖവും ദുരിതവും അപരനിൽ കാണുമ്പോൾ, അപരന്റെ ദുഃഖവും ദുരിതവും അകറ്റുവാനായിരിക്കും അയാളുടെ മനസ്സിന്റെ കമ്പനം. അപ്പോൾ, ദുഃഖം അനുകമ്പയിലേക്കും കരുണയിലേക്കും നമ്മെ കൊണ്ടുപോകും. അവിടെ ഭയപ്പെടാനൊന്നുമില്ല. കാരണം, ഏതൊന്നിൽ നിന്നാണോ നാം സംരക്ഷണം ആഗ്രഹിക്കുന്നത്,  അതേ സംരക്ഷണം മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ (അല്ലെങ്കിൽ, മറ്റുള്ളവർക്കായി ആഗ്രഹിക്കുമ്പോൾ), നമ്മളും ദുഃഖത്തിന്റെ ഹേതുക്കൾ ഉള്ളിൽ ഒഴിവാക്കുകയാണ്. 

മഹാകരുണ

അപരനോടുള്ള ഈ ഭാവം എല്ലാ ജീവജാലങ്ങളിലേക്കും വ്യാപിക്കുമ്പോൾ അത് മഹാകരുണയാകുന്നു.

എന്താണ് മഹാകരുണ? “അനന്തമായ ലോകങ്ങളിലെവിടെയുമുള്ള അസംഖ്യം  ജീവജാലങ്ങളും ദുഃഖങ്ങളിൽ നിന്നും ദുഃഖഹേതുക്കളിൽ നിന്നും വിമുക്തരാകട്ടെ!” എന്ന മനോഭാവമാണ് മഹാകരുണ. അതിനായി നമ്മുടെ മനസ്സ് തുടിക്കുന്നതാണ് മഹാകരുണ. 

ദുഃഖത്തിലാണ് കരുണ ഉണരുന്നതെങ്കിലും കരുണ നമ്മിൽ ഉളവാക്കുന്ന പ്രവർത്തനക്ഷമതയും നന്മയും നമ്മെ കൂടുതൽ സുഖത്തിലേക്കാണ് കൊണ്ടുപോകുക. 

ആത്മരതിയിൽ മടിച്ചിരിക്കാത്ത ആദ്ധ്യാത്മമുന്നേറ്റം

കൂടുതൽ വ്യക്തമാക്കിയാൽ, ബൗദ്ധപണ്ഡിതനായ സ്ഥിരമതി രസകരമായി കരുണയെ നിർവവചിക്കുനന്ത് ഇങ്ങനെയാണ്, “കം രുണദ്ധീതി കരുണ”. അതായത്, ആത്മരതിക്ക് തടയിടുന്നതാണ് കരുണ. നിഷ്ക്രിയമായ ആത്മസുഖത്തിൽ മദിച്ചിരിക്കാതെ, കരുണ നമ്മളെ മുന്നോട്ട് ചലിപ്പിക്കുന്നു. നമുക്ക് ചുറ്റുമുള്ള അസംഖ്യം ജീവജാലങ്ങളുടെ ദുഃഖമകലാത്തിടത്തോളം, നമ്മുടെ ആത്മസുഖം പൂർണ്ണമല്ല എന്ന ഒരു തിരിച്ചറിവുകൂടിയാണ് അത്. അപ്പോൾ, ഞാൻ-അപരൻ എന്നീ ദ്വന്ദങ്ങൾക്കിടയിലുള്ള താൽക്കാലിക സുഖങ്ങളിൽ രമിച്ചുനിന്നുപോകാതെ, മഹാകരുണയോടെ പ്രവർത്തിച്ച്, ബുദ്ധത്വത്തിന്റെ പൂർണതയിലേക് ഉണരാൻ നമുക്കാകും. 

കരുണ പ്രത്യക്ഷ ദുഃഖത്തോട് മാത്രമല്ല

കരുണ ഉണരേണ്ടത്   നമുക്ക് പ്രത്യക്ഷത്തിൽ സംവേദിതമാകുന്ന ദുഖത്തിലും ദുരിതത്തിലും മാത്രമല്ല. സകല ആർഭാടങ്ങളിലും രമിച്ച് കഴിയുന്ന ലൗകികരോടും നമുക്ക് കരുണ ഉണരാം. കാരണം, സംസാരചക്രത്തിന്റെ വിഹ്വലതകളിൽനിന്നും സമ്മോഹങ്ങളിൽനിന്നും വിമുക്തരാകാതെ, നിർവാണത്തിന്റെ സുഖമറിയാതെ കഴിയുന്നവരെല്ലാം അശാന്തിയിലാണ്. അവരുടെ ആഴങ്ങളിലുള്ള അശാന്തിയിൽ നമുക്ക് കരുണ ഉദിക്കുമ്പോൾ, നാം ആ അശാന്തി മറികടക്കാനുള്ള വഴി അറിയുകയും അതിനുള്ള ശക്തി നേടുകയും കൂടിയാണ്.  അങ്ങനെ സംസാരചക്രത്തിൽ ഉഴലുന്നവരുടെ ഏവരുടേയും  സുഖത്തിലും ദുഃഖത്തിലും മഹാകരുണ ഉളവായി, ബോധിയുടെ പടവുകളിലേക്ക് ഉണരാം.  സംബോധിയുടെ പൂർണ്ണ ഉണർവായ ബുദ്ധജ്ഞാനത്തിൽ   ദന്ദ്വങ്ങളില്ലാതെ അനായാസം പരന്നൊഴുകുന്ന മഹാകരുണ ബുദ്ധജ്ഞാനത്തിന്റെ തനത് ബഹിസ്ഫുരണമാകുന്നു.

കരുണയുടെ രണ്ട് വശങ്ങൾ

കരുണയ്ക്ക് രണ്ട് വശങ്ങളുണ്ട്. രണ്ടും വേണ്ടതുമാണ്. ഒരു വശത്ത്, അസംഖ്യം ബുദ്ധബോധിസത്ത്വന്മാരുടെ കാരുണ്യം നമുക്ക് അനുഭവിക്കാം. ആ മഹാകാരുണ്യവർഷത്തിന്റെ കുളിർമയിൽ നമുക്ക് ജീവിതവും ബോധിമാര്ഗ്ഗവും സുഗമമാക്കാം. മറുവശത്ത്, അസംഖ്യം ജീവജാലങ്ങളോട് നമ്മുടെ ഉള്ളിൽ കരുണ ഉണർത്തി ജീവിതം ഏറ്റവും അർത്ഥവത്താക്കാം. ഇത് രണ്ടും പരസ്പര പൂരകങ്ങളുമാണ്.

ഉപസംഹാരം

-അസംഖ്യം ജീവജാലങ്ങളെ സംസാരസാഗരം കടക്കാൻ സഹായിക്കുന്ന ബുദ്ധൻമാരുടെയും ബോധിസത്വന്മാരുടെയും അളവറ്റ കരുണയിൽ നമുക്ക് ആനന്ദിക്കാം. അവരുടെ മാതൃകയിൽ നിന്ന് പ്രചോദനം കൊണ്ട്, നമുക്കും  എല്ലാ ജീവജാലങ്ങൾക്കുമായി  അതേ മഹാകരുണ ഉള്ളിൽ ഉണർത്താം. മഹാമൈത്രിയുടെ പരപ്പിൽ ഉണർന്ന മഹാകരുണയോടെ നമുക്ക് സർവ്വരുടെയും  വേദനകളെ സ്പർശിച്ച് ആശ്വാസമേകാം. 

എല്ലാ ജീവികളും അളവില്ലാത്ത കരുണ അനുഭവിക്കട്ടെ! ഭവതു സർവ്വ മംഗളം! – യോഗി പ്രബോധ 

For the English version of this article – Compassion – The Profound Stirring That Overcomes Passivity

Leave a Reply

Your email address will not be published. Required fields are marked *