സമഗ്രവാദവും വിശ്ലേഷണവാദവും (Holism and Reductionism)
ഇന്ന് ശാസ്ത്രലോകത്തും ആദ്ധ്യാത്മികവേദികളിലും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സമഗ്രവാദവും (holism) വിശ്ലേഷണവാദവും (reductionism). Holism എന്ന വാക്ക് തന്നെ പലർക്കും ഒരു പുത്തൻ ഉണർവ് നൽകാറുണ്ട്. Holistic healing, holistic living, holistic farming, എന്നിങ്ങനെ നീളുന്നു ആ പട്ടിക. പലപ്പോഴും reductionism ഒരു വലിയ തെറ്റാണ് എന്ന തോന്നലും ഉടലെടുക്കാറുണ്ട്. പക്ഷെ, സത്യം തിരിച്ചാണ്. പലപ്പോഴും അന്ധവിശ്വാസങ്ങൾക്കും അജ്ഞതയ്ക്കും ഉള്ള ഒരു മറയായി ഹോളിസം പരിണമിക്കുന്നു. ഹോളിസം എന്ന പേരിൽ അവതരിപ്പിയ്ക്കപ്പെടുന്നത് നല്ല ചില സാധ്യതകളെയാണെങ്കിലും ഹോളിസം എന്ന സങ്കൽപം ഒരു പുകമറയായി ആ സാധ്യതകളുടെ വികസനത്തെ പരിമിതപ്പെടുത്താറുമുണ്ട്.
ശാസ്ത്രം ഇന്നേവരെ നേടിയ നേട്ടങ്ങൾ മുഴുവൻ വിശ്ലേഷണവാദപരമായ നിരീക്ഷണങ്ങളും അപഗ്രഥനങ്ങളും (reductionistic observation and analysis) കൊണ്ടാണ്. അതേസമയം, ശാസ്ത്രത്തിൽ ഇന്നും ഉത്തരം കിട്ടാത്ത ചില സമസ്യകൾ ഉയർന്നു വരുമ്പോൾ പലരും പഴിക്കുന്നതും വിശ്ലേഷണപരമായ സമീപനത്തെ തന്നെ. എന്നാൽ, സമഗ്രമായതിനെ (whole object) പൂർണമായി ഉൾകൊള്ളുമ്പോഴും വിശ്ലേഷണപരമായ അപഗ്രഥനങ്ങളിലൂടെ മാത്രമേ ശരിയായ ഒരു അന്വേഷണത്തിന് മുന്നോട്ട് പോകാൻ കഴിയൂ. ഈ വിഷയത്തിലെ ചില തെറ്റിദ്ധാരണകൾ മാറ്റുകയാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.
എന്താണ് വിശ്ലേഷണവാദം ?
ഒരു വസ്തുവിനെയോ (object) പ്രക്രിയയെയോ (process) കുറിച്ച് കൂടുതൽ അറിയാൻ അതിനെ പല ആന്തരിക ഘടകങ്ങളായി (constituents) വേർതിരിച്ചും അവയിൽ സ്വാധീനം ചെലുത്തുന്ന ബാഹ്യഘടകങ്ങളെ (external influences) കണ്ടെത്തിയും അപഗ്രഥിച്ച് (analyze) പഠിക്കുന്ന രീതിയാണ് സത്താപരവും രീതിശാസ്ത്രപരവുമായ വിശ്ലേഷണവാദം (ontological and methodological reductionism). സത്താപരമായ വിശ്ലേഷണവാദമെന്ന് (ontological reductionism) ഇവിടെ അർത്ഥമാക്കുന്നത് ഘടകങ്ങളിൽ ഇല്ലാത്ത ഒരു സത്തയും സമഗ്ര വസ്തുവിൽ അധികമായി ഉണ്ടാകുന്നില്ല എന്നതാണ്. രീതിശാസ്ത്രപരമായ വിശ്ലേഷണവാദമെന്നാൽ (methodological reductionism) വിശ്ലേഷിച്ച് പഠിക്കുന്ന രീതി കൊണ്ട് സമഗ്രവസ്തുവിന്റെ സ്വഭാവവിശേഷങ്ങളും അതിന്റെ പ്രക്രിയകളും പൂർണമായും മനസ്സിലാക്കുക എന്ന ലക്ഷ്യമാണ്.
വിശ്ലേഷണപരമായ സമീപനത്തിന്റെ ഒരു പ്രത്യേകത അത് ഓരോ വസ്തുവിനെയും പ്രക്രിയയെയും നിരീക്ഷണവിധേയമായ (observable) മൂർത്തലക്ഷണങ്ങളിലൂടെയാണ് (concrete characteristics) മനസ്സിലാക്കുന്നത്.(ശാസ്ത്രത്തിന്റെ ഈ അന്വേഷണ രീതി മനസ്സിലാക്കുവാൻ വിശ്ലേഷണപരമായ അപഗ്രഥനം കാണുക).
എന്താണ് സമഗ്രവാദം?
മതവും ആത്മീയവാദികളും ചെയ്യുന്നത് മൂർത്തമായ (concrete) ഘടകങ്ങളിൽ ഇല്ലാത്ത എന്തോ ഒരു അമൂർത്തവും (abstract) അഖണ്ഡവുമായ (indivisible) സത്ത (essence) സമഗ്രവസ്തുവിലുണ്ട് എന്ന് വാദിക്കുകയാണ്. അമൂർത്തമായ സത്ത മൂർത്തമായ മറ്റു ഘടകങ്ങളിൽ സ്വാധീനം ചെലുത്തി ഘടകങ്ങളെ മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു നിലയിലേക്ക് കൊണ്ടുവരുന്നു എന്നാണ് ആത്മീയവാദികളുടെ അവകാശവാദം. സമഗ്രവസ്തുവിനെ പ്രകൃതിശാസ്ത്രം (natural science) മൂർത്തഘടകങ്ങളുടെ (concrete elements) പരസ്പരപ്രവർത്തനങ്ങളുടെ ഒരു ഹേതു-ഫല ശൃംഖലയായി (naturalistic cause-effect chain) കാണുമ്പോൾ, സമഗ്രവാദം അമൂർത്ത സത്തയാൽ ആസൂത്രണം ചെയ്യപ്പെട്ടതായി (teleological influence of an abstract essence) കരുതുന്നു.
വ്യക്‌തിയിയുടെ നിഗൂഢതക്ക് ഉത്തരമായി ആത്മാവ് (Soul / Self), പ്രപഞ്ച രഹസ്യങ്ങൾക്ക് ഉത്തരമായി ദൈവം, ഇത്യാദി ആശയങ്ങൾ അവതരിപ്പിക്കുന്നത് സമഗ്രവാദത്തിന്റെ ഉദാഹരണങ്ങളാണ്. ജീവശാസ്ത്രം പുരോഗമിക്കുന്നതിന് മുമ്പ് ജീവന്റെ നിഗൂഢതയ്ക്ക് ഉത്തരമായി ഇതുപോലെ അമൂർത്തമായതും ജൈവശരീരത്തിന്റെ രാസഘടകങ്ങളിൽ നിന്നും വ്യത്യസ്തമായതുമായ ഒരു ജീവശക്തി (vital force) ഉണ്ടെന്ന് കരുതിയിരുന്നു.
സമഗ്രവാദത്തിന്റെ പോരായ്മകൾ
സമഗ്രവാദം സമസ്യകൾക്ക് പരിഹാരം കാണുന്നതിന് പകരം അവയെ ചില മഹത്വവൽക്കരിച്ച നാമങ്ങളിൽ മൂടിവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കുന്നത് ശരിയായ യുക്തിചിന്തയും അന്വേഷണപാടവവും വളർത്തുന്നതിന് അത്യാന്താപേക്ഷിതമാണ്.
സമഗ്രവാദം പുകമറയാകുമ്പോൾ
ദൈവം, ആത്മാവ്, ഇത്യാദി സമഗ്രവാദ സങ്കൽപ്പങ്ങളെ ഏതു മേഖലകളിൽ നിന്നെല്ലാം പുറംതള്ളുന്നുവോ അത്രത്തോളം പുകമറ നീങ്ങുന്നു. അത്രത്തോളം അജ്ഞത അകലുന്നു. അത്രത്തോളം അറിവ് വർദ്ധിക്കുന്നു.
സമഗ്രവാദത്തിന്റെ ആപൽക്കരമായ സ്വഭാവം, അത് ഒരു വിഷയത്തിലെ ദുരൂഹത അകറ്റി എന്ന് അവകാശപ്പെടുമ്പോഴും യഥാർത്ഥത്തിൽ ചെയ്യുന്നത് അതിന്റെ ദുരൂഹത ഒരു നാമത്തിനുള്ളിൽ മൂടിവെക്കുകയും മഹത്വവത്കരിക്കുകയും മാത്രമാണ് എന്നതാണ്. കാരണം, നമുക്ക് ഇന്നേവരെ അറിയാൻ കഴിയാത്തതെല്ലാം അമൂർത്തവും (abstract) അഖണ്ഡവുമായ (indivisible) ഒരു സാങ്കല്പിക വസ്തുവിന്റെ ഇടപെടലുകളാൽ സിദ്ധമാകുന്നതാണെന്ന് വാദിക്കുമ്പോൾ, അത് അമൂർത്തസങ്കല്പമായതിനാൽ (a notion of abstractness) നിരീക്ഷണവിധേയമാക്കാൻ കഴിയുന്നില്ല. കൂടാതെ, അഖണ്ഡസങ്കല്പമായതിനാൽ (a notion of indivisibility) അതിന്റെ ആന്തരിക പ്രക്രിയകളെയും ഹേതു-ഫല ശൃംഖലകളെയും കുറിച്ച് ചിന്തിക്കുന്നതുപോലും അസാധ്യമാകുന്നു. അതായത്, സമഗ്രവാദം അന്വേഷണോത്സുകതയെ കെടുത്തിയിട്ട് അജ്ഞതയിൽ നമ്മെ രോമാഞ്ചപുളകിതരാക്കുന്നു. അങ്ങനെ, ദുരൂഹതയെ മറയ്ക്കാൻ ഉപയോഗിക്കുന്ന നാമം അന്ധവിശ്വാസങ്ങൾക്കുള്ള താങ്ങായി പരിണമിക്കുന്നു.
അജ്ഞതയുടെ മഹത്വവൽക്കരണം
ഉദാഹരണമായി, ദൈവസങ്കല്പം എടുക്കാം. വാസ്തവത്തിൽ, ദൈവം എന്നത് നമ്മുടെ അജ്ഞതയ്ക്കുള്ള മറ്റൊരു നാമം മാത്രമാണ്. പ്രപഞ്ചത്തെ കുറിച്ചും സൃഷ്ടിയെ കുറിച്ചും പഠിക്കുമ്പോൾ, മനുഷ്യന് അറിഞ്ഞുകൂടാത്തതും, അതിലേറെ, അറിയാൻ താത്‌പര്യമില്ലാത്തതുമായ എല്ലാ പ്രതിഭാസങ്ങളെയും ചേർത്ത് ദൈവം എന്ന് വിളിക്കുന്നു. സത്യത്തിൽ, അത്രയും പ്രതിഭാസങ്ങളെ കുറിച്ച് നാം അജ്ഞരാണെന്നേ അതിന് അർത്ഥമുള്ളൂ. ദൈവത്തിന്റെ ആന്തരിക ഘടനയോ ഹേതു-ഫല പരിണാമങ്ങളോ ഒന്നും തന്നെ ഒരു മതവും പഠിക്കാറില്ലല്ലോ! അന്വേഷണത്തിലൂടെ കണ്ടെത്തി ആ പ്രതിഭാസങ്ങളുടെ ഹേതുക്കളെ സ്വാധീനിക്കുന്നതിനു പകരം, അജ്ഞതക്ക് ദൈവനാമം നൽകി മഹത്വവത്കരിച്ച് മനുഷ്യൻ പ്രാർത്ഥിക്കുന്നു! അവിടെയാണ് മതത്തിന്റെ ഫലശൂന്യത.
നാം പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയുംതോറും നമ്മുടെ അജ്ഞത മൂടിവെക്കാനുള്ള അത്തരം ദൈവസങ്കല്പങ്ങളുടെ ആവശ്യകത ഇല്ലാതാകുന്നു.
ഇത് പോലെ തന്നെ, വ്യക്തിയെ മനസ്സിലാക്കാൻ കഴിയാതെ വരുന്ന കുറവ് മറയ്ക്കാനാണ് അമൂർത്തവും അഖണ്ഡവുമായ ആത്മാവിനെ വ്യക്തിയിൽ പ്രതിഷ്ഠിക്കുന്നത്. മനോവികാസം സാധ്യമാകണമെങ്കിൽ നമ്മുടെ ഇച്ഛാശക്തിയും വൈകാരികതകളും സംവേദനകളും അറിവും വിഭ്രാന്തിയും ഒക്കെ എങ്ങനെ വന്നു പോകുന്നു എന്നറിയണം. അമൂർത്തവും അഖണ്ഡവുമായ ആത്മാവിൽ നിന്നാണ് ഇവ ഉദ്ഭവിക്കുന്നതെന്ന് വാദിച്ചാൽ അത് ഇവയൊന്നും ഒരിക്കലും നേരിട്ടറിയാൻ കഴിയില്ല എന്ന വാദം മാത്രമാണത്. അഖണ്ഡമായതിൽ നിന്നും കാലക്രമത്തിൽ വ്യത്യസ്‌ത സ്വാധീനങ്ങൾ ഉരുത്തിരിയുന്നതും അമൂർത്തമായത് മൂർത്തമായതിനെ സ്വാധീനിക്കുന്നതും പോലുള്ള ന്യായവൈകല്യങ്ങൾ പ്രഹേളികകളായി എന്നും നിലനിൽക്കുകയും ചെയ്യും.
താത്കാലികമായ ലഘൂകരിക്കല്‍
അജ്ഞതയുടെ മറ്റൊരു പേരാണ് ദൈവം. മനുഷ്യന് അറിഞ്ഞുകൂടാത്തതും, അതിലേറെ, അറിയാൻ താത്‌പര്യമില്ലാത്തതുമായ പ്രതിഭാസങ്ങളെയാണ് ദൈവമെന്ന് വിളിച്ച് മഹത്വവൽക്കരിക്കുന്നത്. ജിജ്ഞാസ കെടുത്താനേ അത്തരം ദൈവസങ്കലങ്ങൾ ഉപകരിക്കുന്നുള്ളൂ.
ഇവിടെ രസകരമായ ഒരു കാര്യമുണ്ട്. പ്രഗത്‌ഭരായ പല ശാസ്ത്രജ്ഞന്മാർ പോലും അവർക്ക് ഗവേഷണതാല്പര്യമില്ലാത്ത മേഖലകളിൽ ഇങ്ങനെ ദൈവത്തെ സ്ഥാപിച്ചിരുന്നു. ന്യൂട്ടൻ വസ്തുക്കളുടെ ചലനാത്മകത പഠിച്ചപ്പോൾ ചലനനിയമങ്ങൾ കണ്ടെത്തി. പക്ഷെ, ചലനനിയമങ്ങൾതന്നെ എന്തുകൊണ്ട് ഉണ്ടായി എന്നത് അന്ന് ന്യൂട്ടന് വിഷയമായിരുന്നില്ല. അതുകൊണ്ട് ചലനനിയമങ്ങൾ ദൈവസൃഷ്ടമാണെന്ന് കണക്കാക്കി. താത്കാലികമായി ചില സമസ്യകളെ പഠനത്തിൽ നിന്നും മാറ്റിവച്ച് വിഷയം ലഘൂകരിക്കാൻ മാത്രമാണ് അത്തരം സങ്കൽപ്പങ്ങൾ ഉപകാരപ്പെടുന്നത്. നാം പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയുംതോറും നമ്മുടെ അജ്ഞത മൂടിവെക്കാനുള്ള അത്തരം ദൈവസങ്കല്പങ്ങളുടെ ആവശ്യകത ഇല്ലാതാകുന്നു. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ദൈവം, ആത്മാവ്, ഇത്യാദി സമഗ്രവാദ സങ്കൽപ്പങ്ങളെ ഏതു മേഖലകളിൽ നിന്നെല്ലാം പുറംതള്ളുന്നുവോ അത്രത്തോളം പുകമറ നീങ്ങുന്നു. അത്രത്തോളം അജ്ഞത അകലുന്നു. അത്രത്തോളം അറിവ് വർദ്ധിക്കുന്നു.
വിശ്ലേഷണവാദം വികസിക്കേണ്ട ഇടങ്ങൾ
വിശ്ലേഷണവാദം ശക്തമായ ഒരു പഠനരീതിയാണെങ്കിലും ചില സമയത്ത് വിശ്ലേഷണപരമായ സമീപനങ്ങളും (reductionistic approaches) പരിമിതമായി പോകാറുണ്ട്. പക്ഷെ അത് ഈ അന്വേഷണരീതിയുടെ പരിമിതിയേക്കാൾ അന്വേഷകന്റെ പരിമിതി കൊണ്ടാണ്. അല്ലെങ്കിൽ വിശ്ലേഷണപരമായ പഠനം ഇനിയും പൂർണമല്ലാത്തത് കൊണ്ടാണ്. ഇത്തരം അവസരങ്ങളിൽ വിശ്ലേഷണപരമായി പഠനവിധേയമാക്കിയിട്ടില്ലാത്ത മറ്റു മാർഗങ്ങൾ കൂടുതൽ ഫലപ്രദമാകാറുണ്ട്. അമൂർത്ത ശക്തികളോ സമഗ്രവാദമോ ആണ് അത്തരം ബദൽ മാർഗങ്ങളുടെ വിജയരഹസ്യമെന്ന് ചിന്തിച്ചാൽ അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. ചില നല്ല ബദൽ ചിന്താധാരകൾ സമഗ്രവാദത്തിൽ പെട്ട് മുരടിച്ച് പോകുന്നത് ഒഴിവാക്കാൻ ഈ തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്.
തർക്കം ചികിത്സാമേഖലയിൽ
ഉദാഹരണമായി, വൈദ്യശാസ്ത്രമെടുക്കാം. പാരമ്പര്യ വൈദ്യങ്ങളെയും ചില പുതിയ ബദൽ ചികിത്സാവരീതികളെയും holistic healing എന്ന് വിളിക്കാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതി അതിന്റെ വിശ്ലേഷണപരമായ സമീപനമാണെന്നും (reductionistic approach) ചിലർ ആരോപിക്കാറുണ്ട്. ഒരു അവയവത്തിലോ രക്തത്തിലെ ചില ഘടകങ്ങളിൽ (parameters) മാത്രമോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റ് അവയവങ്ങളും ഘടകങ്ങളും അവഗണിക്കപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിനർത്ഥം വിശ്ലേഷണപരമായ രീതിശാസ്ത്രം തെറ്റാണെന്നല്ല. സമഗ്രമായ വ്യക്തിയിൽ (whole person), ഘടകങ്ങളായി പഠിക്കാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടെന്നുമല്ല. ചികിത്സയിലെ ശ്രദ്ധ എല്ലാ ഘടകങ്ങളിലും നേരാംവണ്ണം എത്തിയില്ല എന്നേയുള്ളൂ. അത് വിശ്ലേഷണപരമായ ഗവേഷണത്തിന്റെ പരിമിതിയല്ല. മറിച്ച്, അതിന്റെ ഉപയോഗത്തിൽ ഇന്നുള്ള അപൂർണത മാത്രമാണ്. അല്ലെങ്കിൽ എല്ലാ ഘടകങ്ങളും തമ്മിലുള്ള പ്രവർത്തനം പൂർണമായി മനസ്സിലാക്കാൻ ഇനിയും ബാക്കിയുള്ളത് കൊണ്ടാണ്.
ഓരോ ചികിത്സാരീതിയും ഓരോ രീതിയിൽ ഫലപ്രദമാകുന്നുണ്ട്. പക്ഷെ, ഒരു ചികിത്സാരീതിയുടെയും വിജയകാരണം സത്താപരവും രീതിശാസ്ത്രപരവുമായ സമഗ്രവാദമല്ല (ontological and methodological reductionism). വിശ്ലേഷണപരമായ (reductionistic) പഠനം തന്നെയാണ് അവയെയൊക്കെയും മുന്നോട്ട് കൊണ്ട് പോകേണ്ടത്. Holistic ചികിത്സകൾ ഫലപ്രദമാകുന്നത് പൂർണശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും ഒക്കെ ഉൾക്കൊണ്ട ഒരു ചികിത്സാരീതി എന്ന നിലയിലാണ്. അവിടെ സമഗ്രം (holistic) എന്ന വാക്കിന് അത്രയേ അർത്ഥമുള്ളൂ. അല്ലാതെ, സത്താപരവും രീതിശാസ്ത്രപരവുമായ സമഗ്രവാദ സമീപനം (approach of ontological and methodological reductionism) എന്നല്ല.
അതായത്, holistic ചികിത്സകൾ ഫലപ്രദമാകുന്നത് ഘടകങ്ങളിലില്ലാത്ത ഒരു അമൂർത്ത ശക്തിയെ ആശ്രയിക്കുന്നത് കൊണ്ടോ അത്തരം ഒരു ശക്തി പ്രവർത്തിക്കുന്നത് കൊണ്ടോ അല്ല. ചില പ്രക്രിയാവിശേഷങ്ങളെ കുറിച്ച് ചില ശരിയായ ധാരണകൾ ഉടലെടുത്തതുകൊണ്ടാണ്. അല്ലെങ്കിൽ, അപഗ്രഥിച്ച് പഠിക്കാത്തപ്പോഴും പരമ്പരാഗതമായ നിരീക്ഷണങ്ങളിലൂടെ ചില പദാർത്ഥങ്ങളുടെയും മറ്റും ഗുണങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ്. അതുമല്ലെങ്കിൽ, പഴയ കാലത്ത് ചില അന്വേഷികൾ വ്യക്തമായി അപഗ്രഥിച്ച് പഠിച്ച് രേഖപ്പെടുത്തിയത് കൊണ്ടാണ്. പക്ഷെ, പലപ്പോഴും ഇത്തരം ചികിത്സാരീതികൾ ഫലപ്രദമാകുന്നതിന്റെ പൂർണമായ കാരണങ്ങൾ (ആന്തരിക പ്രക്രിയകളും വിശദവിവരങ്ങൾ) ഇന്ന് വ്യക്തമല്ലാത്തതിനാൽ, വ്യക്തമല്ലാത്ത ഭാഗങ്ങളിൽ ആത്മീയതയും ദൈവികതയുമൊക്കെ പലരും കൂട്ടിച്ചേർക്കാറുണ്ട്. അത് ആവശ്യമില്ലാത്ത ഒരു പുകമറ മാത്രമാണ്. ഈ രീതിയിൽ, holistic ചികിത്സകൾ സമഗ്രവാദത്തിലേക്ക് നയിക്കാറുണ്ട്. ഇത് ഒരു തെറ്റിദ്ധാരണ കൊണ്ട് മാത്രമാണ്.
വാസ്തവത്തിൽ, പാരമ്പര്യ വൈദ്യങ്ങളിൽ പുതിയ ഗവേഷണങ്ങളുടെ ഫലം കൊണ്ടുവന്ന് കൂടുതൽ ഫലപ്രദമായി വികസിപ്പിക്കാൻ തടസമാകുന്നത് ഇത്തരം സമഗ്രവാദവും ആത്മീയവാദവുമാണ്. അമൂർത്ത ശക്തികളിലുള്ള അത്തരം വിശ്വാസം മാറ്റിവച്ച് കൂടുതൽ വസ്തുനിഷ്ഠമായി അപഗ്രഥിച്ചാൽ പാരമ്പര്യ വൈദ്യത്തിനും മറ്റ് holistic ചികിത്സാരീതികൾക്കും കൂടുതൽ മുന്നേറാൻ കഴിയും. ആധുനിക വൈദ്യശാസ്ത്രവുമായി ചേർന്നുള്ള കൂടുതൽ സമഗ്രവും ഏകീകൃതവുമായ വൈദ്യശാസ്ത്രവികസനത്തിനും അത് വഴിതെളിക്കും.
മനസ്സിന്റെയും അനുഭവങ്ങളുടെയും ശാസ്ത്രത്തിൽ
മനസ്സിന്റെയും അനുഭവങ്ങളുടെയും ശാസ്ത്രം ഇനിയും ഒരു ശരിയായ ദിശാബോധം കൈവരിച്ചിട്ടില്ലാത്തതിനാൽ സമഗ്രവാദം അവിടെയും കടന്നുവരുന്നുണ്ട്. മനസ്സിനെയും അനുഭവങ്ങളെയും ബോധത്തെയും അത്തരം ഗുണങ്ങളില്ലാത്ത മറ്റു പദാര്ഥങ്ങളാൽ വിശദീകരിക്കാൻ കഴിയുന്നില്ല. അങ്ങനെ വിശദീകരിക്കാൻ ഭാവിയിലും സാധിക്കില്ലെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ആ തക്കം ഉപയോഗിച്ച്, മനോവ്യാപാരങ്ങളൊക്കെയും അമൂർത്തവും അഗോചരവുമായ ഒരു ആത്മാവിന്റെ കേളികളായും ദൈവത്തിന്റെ ഇടപെടലുകളായും മറ്റും ആത്മീയവാദികൾ സ്ഥാപിക്കാൻ ശ്രമിക്കാറുണ്ട്. അതും സമഗ്രവാദത്തിന്റെ പുകമറയാണ്.
മനഃശാസ്ത്രത്തിൽ collective unconsious, architype, ഇത്യാദി ആശയങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ അവയും അമൂർത്തമായ സങ്കല്പങ്ങളാണ്, അല്ലെങ്കിൽ പ്രവർത്തന മാതൃകകൾ (working models) മാത്രമാണ്. അതായത്, ചില സ്വഭാവവിശേഷങ്ങൾ വിശദീകരിക്കാൻ സഹായകമാകുന്ന താത്കാലിക മാതൃകകളാണ് അവ. അല്ലാതെ, നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും അധിഷ്ഠിതമല്ല. അത്തരം സിദ്ധാന്തങ്ങൾ സമഗ്രവാദപരമായാതിനാൽ തികഞ്ഞ ശാസ്ത്രസ്വഭാവം ഇല്ലാത്തവയുമാണ്.
സമഗ്രവാദം അന്വേഷണോത്സുകതയെ കെടുത്തിയിട്ട് അജ്ഞതയിൽ നമ്മെ രോമാഞ്ച പുളകിതരാക്കുന്നു.
വിശ്ലേഷണപരമായി (reductionistic ആയി) ഒരു വിഷയം നേരാംവണ്ണം വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് അർത്ഥമാക്കുന്നത് വിശ്ലേഷണവാദത്തിന്റെ പരാജയമല്ല. മറിച്ച്, ഇനിയും തിരിച്ചറിയാത്ത ചില ഘടകങ്ങളോ പ്രക്രിയകളോ സ്വാധീനങ്ങളോ ബാക്കിയുണ്ടെന്നാണ്. സമഗ്രവാദത്തിലേക്ക് വഴുതിവീഴാതെ, കൂടുതൽ ഗവേഷണങ്ങളിലൂടെ അത്തരം ഘടകങ്ങളെയും പ്രക്രിയകളെയും ഒക്കെ വേർതിരിച്ചറിയാൻ സാധിക്കുമ്പോഴേ ഈ മേഖലകളിൽ ശരിയായ മുന്നേറ്റം ഉണ്ടാകൂ. ഈ വിഷയത്തിൽ ഒരു ശരിയായ ദിശാബോധം ബൗദ്ധദര്ശനങ്ങളിൽ കാണാൻ സാധിക്കും. (കൂടുതൽ വിവരങ്ങൾക്ക് ബുദ്ധന്റെ കണ്ടെത്തലുകൾ കാണുക.)
ഭൗതികവാദവും ആശയവാദവും ബൗദ്ധദർശനവും
സമഗ്രവാദം അമൂർത്ത സങ്കല്പങ്ങളെ (abstract ideas) ആശ്രയിക്കുന്നതിനാൽ തത്വചിന്താപരമായി ആശയവാദവുമായി (philosophical idealism) ചേർന്ന് പോകുന്നു. മാത്രമല്ല, മുമ്പ് സൂചിപ്പിച്ചത് പോലെ, അത് നാം അനുഭവിക്കുന്ന പല പ്രകൃതി പ്രക്രിയകളെയും ഒരു അഭൗതിക ശക്തിയുടെ (non-physical force), അഥവാ അതീന്ദ്രിയ ശക്തിയുടെ (transcendental force) മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റെ (teleology) ഫലമാണെന്ന ധാരണ വച്ചുപുലർത്തുന്നു.
അതേസമയം, വിശ്ലേഷണവാദം മൂർത്തമായ ലക്ഷണങ്ങളെ (concrete observable characteristics) ആശ്രയിക്കുന്നതിനാൽ തത്വചിന്താപരമായി ഭൗതികവാദവുമായി (philosophical physicalism) ചേർന്ന് പോകുന്നു. [ Physicalism (ഭൗതികവാദം) അഥവാ naturalism (പ്രകൃതിവാദം) എന്നീ പദങ്ങളാണ് materialism (ദ്രവ്യവാദം) എന്നതിനേക്കാൾ ഇവിടെ കൂടുതൽ ഉത്തമവും വ്യാപ്തിയുള്ളതും. ] ഒരു അഗോചരശക്തി സാർവ്വത്രികതലത്തിൽ ആസൂത്രണം നടത്തുന്നു എന്ന വാദത്തെ പൂർണമായും തള്ളിക്കളയുന്നു. പകരം, എല്ലാ പ്രതിഭാസങ്ങളെയും പ്രകൃതിയിലെ മൂർത്ത വസ്തുക്കൾ തമ്മിലുള്ള പരസ്പരപ്രവർത്തനങ്ങളുടെ ഒരു ഹേതു-ഫല ശൃംഖലയായി (naturalistic cause-effect chain) അറിയുന്നു.
ശാസ്ത്രം മാത്രമല്ല, ബുദ്ധനും വിജയകരമായി ഉപയോഗിച്ചത് വിശ്ലേഷണപരമായ ഗവേഷണ രീതിയാണ്. സമഗ്രവാദത്തെ ഭേദിച്ചാണ് ബുദ്ധൻ തന്റെ കണ്ടെത്തലുകൾ നടത്തിയത്. എല്ലാ ആന്തരിക പ്രതിഭാസങ്ങളെയും മൂർത്തമായ നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും ഹേതു-ഫല ശൃംഖലയായി കണ്ടാണ് ബുദ്ധൻ തന്റെ അന്വേഷണം നടത്തിയത്. ഈ അർത്ഥത്തിൽ ബൗദ്ധദർശനം ആത്മീയവാദത്തിൽ നിന്നും ആശയവാദത്തിൽ നിന്നും അകന്ന് ഭൗതികവാദത്തോടാണ് കൂടുതൽ ചേർന്ന് നിൽക്കുന്നത്. മനസ്സിന്റെയും (consciousness) അനുഭവങ്ങളുടെയും (phenomenal experiences) മൂർത്തപ്രക്രിയകളെയും കൂടി ഉൾപ്പെടുത്തിയ ഒരു പ്രകൃതിവാദമാണ് (naturalism) ബൗദ്ധദർശനത്തിന്റെ രീതി എന്ന് കണക്കാക്കാം. ബൗദ്ധചിന്തയിലെ വിശ്ലേഷണവാദം മനസ്സിനെയും അനുഭവങ്ങളെയും ദ്രവ്യത്തെയും ഒക്കെ വിശ്ലേഷണം ചെയ്ത് അപഗ്രഥിക്കുന്നു.
ഏതെങ്കിലും ഒരു വസ്തുവിന് അഖണ്ഡമായ സത്ത ഉണ്ട് എന്ന് നാം കരുതിയാൽ അതിനർത്ഥം നാം ആ വസ്തുവിന്റെ ആന്തരിക ഘടനയും ബാഹ്യസ്വാധീനങ്ങളും നേരാംവണ്ണം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ്. മനസ്സും ദ്രവ്യവും ഒന്നും തന്നെ ആത്യന്തികമായി അഖണ്ഡവും സ്വതന്ത്രവുമായി നിലനിൽക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് വിശ്ലേഷണപരമായ പഠനം പൂർത്തിയാകുന്നത്. ബൗദ്ധചിന്തയിലായാലും ആധുനികശാസ്ത്രത്തിലായാലും അത് അങ്ങനെ തന്നെ.
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023
- മാറ്റളക്കുക സ്വർണപ്പണിക്കാരനെപ്പോലെ - November 7, 2022
- ദാനവും ധ്യാനവും - November 6, 2022