ധർമ്മചക്ര പ്രവർത്തനം
Malayalam Article about the Turning of the Wheel of Dharma
തഥാഗതന്റെ വാക്കുകൾ നമ്മുടെ മനസ്സിൽ ക്ഷേമകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെയാണ് ധർമ്മചക്ര പ്രവർത്തനം (പാലി ഭാഷയിൽ ധമ്മചക്ക പവത്തനം) എന്ന് പറയുന്നത്. ക്രമാനുഗതമായി ബുദ്ധന്റെ പാഠങ്ങൾ ശ്രവിക്കുകയും അവ പടിപടിയായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ക്രമേണ മനസ്സിന്റെ മൂടുപടങ്ങൾ കൊഴിഞ്ഞ് ജ്ഞാനത്തിന്റെ തെളിമ വരുന്നു. ശ്രവിക്കുക, മനസ്സിലാക്കുക, പരിശീലനത്തിലൂടെ ആ അറിവ് അനുഭവതലത്തിൽ കൊണ്ടുവരുക, എന്നിങ്ങനെയുള്ള പ്രക്രിയകളിലൂടെ ചാക്രികമായാണ് (cyclical) തിരിച്ചറിവിലേക്ക് നമ്മുടെ മനസ്സിന്റെ വാതായനം തുറക്കുന്നത്. അതായത്, ചിലത് ശ്രവിച്ച്, മനസ്സിലാക്കി, അതിനെ അനുഭവതലത്തിൽ അറിയുമ്പോൾ, മനസ്സ് കൂടുതൽ വ്യക്തവും, പ്രകാശിതവും ശാന്തവുമാകും. മാത്രമല്ല, ആശയക്കുഴപ്പത്തിന്റെ ഒരു പടലം നീങ്ങുന്നതിനാൽ, കൂടുതൽ ആഴത്തിലെ പാഠങ്ങൾ ശ്രവിക്കാനും മനസ്സിലാക്കാനും നമ്മൾ പ്രാപ്തരാക്കും. അപ്പോൾ, അടുത്ത വട്ടം തുടങ്ങുകയായി. ഇങ്ങനെ, ചാക്രികമായി നമ്മുടെ മനസ്സ് തുറന്ന് വരുന്നതിനാലാണ്, ബുദ്ധൻ പലവട്ടം ധർമ്മചക്രം കറക്കുന്നു എന്ന പ്രതീകാത്മക ഭാഷയിലൂടെ ഇതിനെ അവതരിപ്പിക്കുന്നത്.
ബുദ്ധന്റെ ബോധോദയ ഗാഥ ഇപ്രകാരമായിരുന്നു,
ഗംഭീരവും ശാന്തവും നിഷ്പ്രപഞ്ചവും
പ്രഭാസ്വരവും അസംസ്കൃതവും!
അമൃതുസമാനമായ അത്തരം
ധർമ്മത്തിൽ (അനുഭവത്തിൽ) ഞാൻ എത്തി.
ഇത് ഞാൻ ആർക്കെങ്കിലും വിവരിക്കാൻ ശ്രമിച്ചാൽ
ആർക്കും മനസ്സിലാക്കാൻ കഴിയില്ല.
അതിനാൽ മൗനിയായി
ഞാൻ ഈ വനത്തിൽ തന്നെ ഇരിക്കാം.
– ലളിതാവിസ്താര സൂത്രം
അങ്ങനെ, ആദ്യം ബുദ്ധൻ മൗനിയായി അവിടെ തന്നെ ഇരുന്നു. കാരണം, ബുദ്ധന്റെ ഗഹനമായ സത്യദർശനം ആശയങ്ങളിലൂടെ ആർക്കെങ്കിലും ഉൾകൊള്ളാൻ സാദ്ധ്യമാകുമായിരുന്നില്ല. എന്നിരുന്നാലും, മഹാകരുണയാൽ, ബുദ്ധൻ എല്ലാ ജീവജാലങ്ങളെയും അവരവരുടെ അറിവിന്റെ തലത്തിൽ നിന്ന് പടിപടിയായി തന്റെ ബോധോദയത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചു. അതിനായി, അവർക്ക് ഗ്രഹിക്കാൻ കഴിയുന്ന തലത്തിൽ ക്രമാനുഗതമായി വിശദീകരിച്ച് , കൂടുതൽ ഗഹനമായ സത്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന തലത്തിലേക്ക് പടിപടിയായി അവരെ ഉയർത്തിക്കൊണ്ട് വന്നു. അങ്ങനെ, പടിപടിയായി മനസ്സിനെ പാകപ്പെടുത്താൻ ധർമ്മചക്രത്തിന്റെ പല തിരിക്കലുകൾ നടത്തി.
തെറ്റിദ്ധാരണയുടെ പല പടലങ്ങൾ നമ്മിൽ ഉള്ളതിനാൽ, നേരിട്ട് ഒരു വിശദീകരണം ബുദ്ധൻ തരുന്നതിലൂടെ പരമാർത്ഥത്തെ കുറിച്ചുളള നേരിട്ടറിവ് നമുക്ക് സാധ്യമാകണമെന്നില്ല. കാരണം, ഗഹനമായ പല പാഠങ്ങളും ആദ്യം കേൾക്കുമ്പോൾ അത് മനസ്സിലാകാൻ പാടാണ്. തെറ്റിദ്ധാരണകൾ വരുകയും ചെയ്യും. അപ്പോൾ, ആ തലത്തിലുള്ള പരമാർത്ഥം അവതരിപ്പിക്കുന്നതിന് മുമ്പ്, ചില ആപേക്ഷിക പാഠങ്ങളിലൂടെ തെറ്റിദ്ധാരണയുടെ ചില പടലങ്ങൾ നീക്കി, ശിഷ്യരെ തയാറെടുപ്പിക്കേണ്ടതുണ്ട്. അങ്ങനെ പല വട്ടം ധർമചക്രം തിരിച്ച് മെല്ലെ മെല്ലെയാണ് അതിഗഹനമായ സത്യത്തിലേക്ക് എത്തിക്കാൻ പറ്റുക.
മൂന്ന് ധർമ്മചക്ര പ്രവർത്തനങ്ങളുടെ ഉദാഹരണത്തിലൂടെ ഇത് കൂടുതൽ വ്യക്തമാക്കാം.
ഒന്നാം ധർമ്മചക്ര പ്രവർത്തനം
ആദ്യമായി, ബുദ്ധൻ ചതുർ ആര്യസത്യങ്ങൾ പഠിപ്പിച്ചു. പൊതുവിൽ മനുഷ്യൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ദുഃഖത്തെ അതിലേറെ ആഴത്തിൽ മനസ്സിലാക്കാനുണ്ടെന്നും, ദുഃഖത്തിന്റെ മൂലകാരണങ്ങളെന്തെന്ന് തിരിച്ചറിയാനും ബുദ്ധൻ പഠിപ്പിച്ചു. ദുഃഖവിമുക്തി സാദ്ധ്യമാണെന്നും അതിനുള്ള അഷ്ടാംഗമാർഗ്ഗവും പഠിപ്പിച്ചു.
ദുഃഖവിമുക്തിയ്ക്കുള്ള ജ്ഞാനസമ്പാദനത്തിനായി, വ്യക്തിയിൽ വേറിട്ട് നിൽക്കുന്ന സ്ഥായിയായ ഒരു സത്തയുണ്ടോ എന്ന് അന്വേഷിക്കാൻ പഠിപ്പിച്ചു. അതിലൂടെ പുദ്ഗല നൈരാത്മ്യത (ഒരു വ്യക്തിക്ക് സ്വതന്ത്രമായതും സ്ഥായിയാതുമായ ഒരു അസ്തിത്വം ഇല്ല എന്നത്) പഠിപ്പിച്ചു. അതിനായി ബുദ്ധൻ, നമ്മുടെ ഓരോ അനുഭവങ്ങളെയും അവയുടെ നൈമിഷിക സ്വഭാവത്തെയും ശ്രദ്ധിക്കാൻ പഠിപ്പിച്ചു. അപ്പോൾ, നൈമിഷികമായി ജനിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന പഞ്ചസ്കന്ധങ്ങൾ അല്ലാതെ സ്ഥായിയായി നിൽക്കുന്ന ഒരു അസ്തിത്വം നമുക്കില്ല എന്ന് മനസ്സിലാക്കാം. ഇതൊക്കെയും പഠിപ്പിക്കുമ്പോൾ, താത്വികമായ ജിജ്ഞാസയിൽ രമിച്ച് സമയം കൊല്ലാനല്ല, മറിച്ച്, മനുഷ്യന്റെ പരമമായ ആവശ്യം – ദുഃഖത്തിൽ നിന്നുള്ള വിമുക്തി – സാദ്ധ്യമാക്കാനുള്ള പ്രായോഗിക മാർഗ്ഗമായാണ് ഇത് പഠിപ്പിച്ചത്.
ഈ ഘട്ടത്തിൽ, ഒരാൾക്ക് മനസിലാക്കുക, നമുക്ക് വ്യക്തി എന്ന നിലയിൽ വേറിട്ട ഒരു സ്ഥായിയായ അസ്തിത്വമില്ലെങ്കിലും, നമ്മിൽ അനുനിമിഷം വന്നുപോകുന്ന പഞ്ചസ്കന്ധങ്ങൾക്ക് നൈമിഷികമായ അസ്തിത്വമുണ്ടെന്നായിരിക്കും. ദ്രവ്യത്തിന്റെ മൂലക കണികകളും (fundamental particles of matter) മനസ്സിന്റെ നിമിഷങ്ങളും (moments of cognitions) നൈമിഷിക യാഥാർത്ഥ്യങ്ങളായി സ്വന്തമായ അസ്തിത്വത്തോടെ നിലനിൽക്കുന്നുണ്ടെന്ന് അപ്പോൾ കരുതും. ഈ തലത്തിൽ, അതുകൊണ്ട് പ്രശ്നമില്ല. കാരണം, ‘ഞാൻ’ എന്ന മിഥ്യാധാരണ മാറുന്നതിനാൽ, തൃഷ്ണയേയും മറ്റ് വികാരങ്ങളെയും ശമിപ്പിക്കാനും സംസാരചക്രത്തെ ഭേദിക്കാനും ഇതു മതി. ഇതാണ് ഒന്നാം ധർമ ചക്ര പ്രവർത്തനം.
രണ്ടാം ധർമ്മചക്ര പ്രവർത്തനം
അതിന് ശേഷം, ബുദ്ധൻ തന്റെ ശിഷ്യന്മാരോട് കൂടുതൽ ആഴത്തിൽ പോകാൻ പ്രോത്സാഹിപ്പിച്ചു. നൈമിഷിക കണികകളുടെയും നൈമിഷിക ചിത്തങ്ങളുടെയും യഥാർത്ഥ സ്വഭാവം അറിയാൻ അവയുടെ ഘടകങ്ങളെയും, ഹേതുക്കളെയും അവ ഉദ്ഭവിക്കുന്ന സാഹചര്യങ്ങളെയും അവയുടെ സ്വഭാവത്തെയും ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. അപ്പോൾ, ഈ നൈമിഷിക ധർമ്മങ്ങൾ പോലും സ്വന്തമായ അസ്തിത്വത്തോടെയല്ല നിലനിൽക്കുന്നതെന്നും പ്രതീത്യസമുദ്പാദമാണെന്നും (കാരണങ്ങളാൽ ഉളവാകുന്ന അനുഭവങ്ങൾ) മനസ്സിലാക്കാം. ഇതിലൂടെ ധർമ്മ-നൈരാത്മ്യതയും (ഒരു അനുഭവവും പ്രതിഭാസവും അത് എത്ര സൂക്ഷ്മമാണെങ്കിൽ കൂടി സ്വതന്ത്രമായതും സ്വന്തമായതുമായ അസ്തിത്വത്തോടെ നിലനിൽക്കുന്നില്ല എന്നത്), ശൂന്യതയും അറിയുന്നു. ശൂന്യതാദർശനത്തിന്റെയും പ്രതീത്യസമുദപാദത്തിന്റെയും ഈ ആഴത്തിലേക്ക് മനസ്സിനെ എത്തിക്കുന്നതാണ് രണ്ടാം ധർമചക്ര പ്രവർത്തനം.
ഒന്നാം ധർമചക്ര പ്രവർത്തനത്തിന്റെ തെളിച്ചം ശ്രോതാക്കളുടെ മനസ്സുകളിൽ ഇല്ലാതെ ഈ ആശയങ്ങൾ അവതരിപ്പിച്ചാൽ, അവ തെറ്റിദ്ധാരണാജനകമാകാം. കർമ്മവും സുഖ-ദുഃഖ കാരണങ്ങളും ഒക്കെ മനസ്സിലാക്കിയില്ലെങ്കിൽ ശൂന്യതയെ നിഹിലിസമായി (ഉച്ഛേദവാദമായി – സുഖദുഃഖങ്ങൾക്ക് കാരണമില്ലെന്നും നാം എങ്ങനെ പ്രവർത്തിച്ചാലും വ്യത്യാസമില്ലെന്നും ഉള്ള മിഥ്യാധാരണ) തെറ്റിദ്ധരിക്കാം. അത് അപകടകരവുമാകാം. അപ്പോൾ രണ്ടാം ധർമചക്രപ്രവർത്തനത്തിലെ പാഠങ്ങൾ മനസ്സിലാക്കുമ്പോൾ തന്നെ, വ്യവാഹാരിക തലത്തിൽ ഒന്നാം ധർമചക്ര പ്രവർത്തണത്തിലെ പാഠങ്ങൾ എങ്ങനെ സമന്വയപ്പെടുന്നു എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട്, ഓരോ ശ്രോതാവിന്റെയും അഭിരുചികൾക്കും അറിവിനും അനുസൃതമായി ധർമചക്രം തിരിച്ച്, സംശയങ്ങളുടെ നിവാരണം നടത്തി, പടിപടിയായി വേണം ഈ തിരിച്ചറിവിലേക്ക് എത്തിക്കാൻ.
മൂന്നാം ധർമ്മചക്ര പ്രവർത്തനം
അടുത്തപടിയായി, എല്ലാം ശൂന്യമാണെങ്കിലും, ഇത് ഒന്നുമില്ലായ്മയല്ലെന്ന് ബുദ്ധൻ വെളിപ്പെടുത്തി., അത് പ്രഭാസരമായ തെളിഞ്ഞ ബോധത്തിന്റെ ജ്ഞാനോദയത്തിന്റെ അനുഭവമാണ് – സത്തയാൽ ബന്ധിതമല്ലെങ്കിലും അറിവിന്റെ തെളിമയിൽ വിളങ്ങുന്ന അസംസ്കൃതമായ (കൂട്ടിച്ചേർക്കലുകളില്ലാത്ത ലളിതമായ, അതേസമയം ഗഹനമായ) അനുഭവം. ശൂന്യത അറിയുമ്പോഴാണ് ജ്ഞാനത്തിന്റെ ഈ നേരിട്ടറിവിലേക്ക് നയിക്കാൻ കഴിയുക. ഇതാണ് മൂന്നാം ധർമചക്ര പ്രവർത്തനം. ഇവിടെ, ബുദ്ധന്റെ ജ്ഞാനോദയ ഗാഥയായി മുകളിൽ അവതരിപ്പിച്ച വരികളുടെ സാരത്തിലേക്ക് വരുന്നു.
പക്ഷേ, ഒന്നും രണ്ടും ധർമചക്ര പ്രവർത്തനങ്ങളിലൂടെ മനസ്സിനെ പാകപ്പെടുത്താതെ ഇത് അവതരിപ്പിച്ചാൽ ഉദ്ദേശിച്ച ഫലത്തിന് പകരം വിപരീതഫലം ലഭിക്കാം. മനസ്സ് ഒഴിയുന്നതിന് പകരം, ഈ ഗംഭീരമായ ജ്ഞാനോദയത്തെക്കുറിച്ചുള്ള വിവിധ സങ്കല്പങ്ങളിലൂടെ പ്രപഞ്ചനം ചെയ്ത് മനസ്സ് നിറയും.. ഈ ഗഹനമായ അനുഭവത്തെ ജീവിതത്തിന്റെ വ്യാവഹാരികസത്യങ്ങളുമായി ചേർന്ന് കാണാൻ കഴിഞ്ഞില്ലെങ്കിൽ, ഈ ഗഹനതയുടെ വർണ്ണന തികച്ചും ഉപരിപ്ലവമായിപ്പോകും. അല്ലെങ്കിൽ, ഭാവിയെ കുറിച്ചുള്ള ഒരു സ്വപ്നം മാത്രമായിപ്പോകും.
മൂന്നാം ധർമചക്രപ്രവർത്തനത്തിൽ വരുന്ന ഈ സത്യസാക്ഷാത്കാരവും ബുദ്ധത്വവും എവിടെയെങ്കിലും തേടുന്നതിലൂടെ കണ്ടെത്താൻ കഴിയില്ല. നമ്മുടെ പുറത്തായാലും അകത്തായാലും, തേടുന്നതിലൂടെ നമ്മിലെ ബുദ്ധനെ കണ്ടെത്താൻ കഴിയില്ല. പകരം, കൂട്ടിച്ചേർക്കലുകളില്ലാതെ, നമ്മുടെ ലളിതമായ, അസംസ്കൃതമായ, തനത് സ്വഭാവത്തിലേക്ക്, മനസ്സിനെ താഥാത്മ്യം പ്രാപിക്കാൻ ‘വെറുതെ വിട്ടാലെ’ അവിടെ എത്താൻ കഴിയൂ. ഒന്നും രണ്ടും ധർമചക്രപ്രവർത്തനങ്ങൾ മനസ്സിനെ അതിനു വേണ്ടി പാകപ്പെടുത്തുന്നു. അങ്ങനെ പാകപ്പെടുമ്പോഴേ, മനസ്സിനെ ‘വെറുതെ വിട്ട്’, അതിന്റെ ലാളിത്യത്തിൽ നമ്മിലെ ബുദ്ധനെ അറിയാൻ കഴിയൂ.
ആധുനിക കാലഘട്ടത്തിൽ
ആധുനിക കാലഘട്ടത്തിൽ, ധർമ്മചക്രത്തിന്റെ ഒന്നാം തിരിക്കലിൽ എത്തുന്നതിനുമുമ്പ്, പലർക്കും ചില “പ്രീ-ടേണിംഗ്സ് ” ആവശ്യമാണ്. കാരണം, ഇപ്പോൾ പലരും ദ്രവ്യത്തിൽ മാത്രം വിശ്വസിക്കുകയും ബോധത്തിന്റെ അനുഭവങ്ങളെ കുറിച്ച് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു. അപ്പോൾ അനുഭവങ്ങളുടെ തുടർച്ചയും അതിന് കർമം ഇത്യാദി കാരണങ്ങൾ ഉണ്ട് എന്നതും മനസ്സിലാക്കാൻ പാടാണ്. സുഖദുഃഖങ്ങൾക്ക് മാനസ്സികകാരണങ്ങളില്ല എന്നും മസ്തിഷ്ക കാരണങ്ങൾ മാത്രമേയുള്ളൂ എന്നും അവർ വിശ്വസിക്കുന്നു. അതിനാൽ, ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഈ പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ സഹായിക്കുന്ന വിധത്തിലുള്ള പാഠങ്ങൾ ഒരു പ്രീ-ടേണിങ് ആയി ആവശ്യം വരുന്നു.
-യോഗി പ്രബോധ
For the English version of this article – Turning of the Wheel of Dharma
- ധർമ്മചക്ര പ്രവർത്തനം - November 26, 2024
- കരുണ – നിഷ്ക്രിയത്വത്തിന്തടയിടുന്ന ഉൾത്തുടിപ്പ് - November 24, 2024
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023