മംഗല സൂത്തം
– Mangala sutta – മലയാള പരിഭാഷ
ആമുഖം – : മംഗളകരമായ ജീവിതത്തിന് അത്യുത്തമമെന്ന് ഭഗവാൻ ബുദ്ധൻ ഉപദേശിച്ച കാര്യങ്ങളാണ് ഈ സൂത്തത്തിലെ പ്രതിപാദവിഷയം. സാധാരണ ലൗകിക ജീവിതത്തിലെ കാര്യങ്ങളിൽ തുടങ്ങി, ഒരു ശ്രാവക അർഹതന്റെ തലം വരെയുള്ള കാര്യങ്ങളാണ് ഭഗവാൻ ബുദ്ധൻ ഇവിടെ വിവരിക്കുന്നത്. ഥേരവാദ ബൗദ്ധ സംപ്രദായത്തിൽ പരിരക്ഷയ്ക്കായി ചൊല്ലുന്ന പരിത്ത (പരിത്രാണ) പാരായണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ സൂത്തം.
ഏവം മേ സുതം: ഏകം സമയം ഭഗവാ സാവത്ഥിയം വിഹരതി ജേതവനേ അനാഥപിണ്ഡികസ്സ ആരാമേ.
ഇപ്രകാരം ഞാൻ ശ്രവിച്ചു. ഒരിക്കൽ, ഭഗവാൻ ബുദ്ധൻ ശ്രാവസ്തിയിലെ ജേതവനത്തിൽ അനാഥപിണ്ഡികന്റെ ആരാമത്തിൽ വസിക്കുകയായിരുന്നു.
അഥ ഖോ അഞ്ഞതരാ ദേവതാ അഭിക്കന്തായ രത്തിയാ അഭിക്കന്തവണ്ണാ കേവലകപ്പം ജേതവനം ഓഭാസേത്വാ യേന ഭഗവാ തേനുപസങ്കമി. ഉപസങ്കമിത്വാ ഭഗവന്തം അഭിവാദേത്വാ ഏകമന്തം അട്ഠാസി. ഏകമന്തം ഠിതാ ഖോ സാ ദേവതാ ഭഗവന്തം ഗാഥായ അജ്ഝഭാസി.
അന്ന്, രാത്രി അതിക്രമിച്ചപ്പോൾ, ഒരു ദേവത, ജേതവനം മുഴുവൻ പ്രകാശം ചൊരിഞ്ഞ്, ഭഗവാന്റെ സന്നിധിയിലെത്തി. സമീപത്തെത്തിയിട്ട്, ബഹുമാനപുരസ്സരം അഭിവാദ്യം ചെയ്ത് ഒരുവശത്ത് നിന്നുകൊണ്ട്, ആ ദേവത ഭഗവാനോട് അഭ്യർത്ഥനയായി ഇപ്രകാരം ഗാഥ ചൊല്ലി:
ബഹൂ ദേവാ മനുസ്സാ ച
മംഗലാനി അചിന്തയും,
ആകംഖമാനാ സോത്ഥാനം
ബ്രൂഹി മംഗലമുത്തമം
നിരവധി ദേവന്മാരും മനുഷ്യരും
സ്വാസ്ഥ്യത്തിനുള്ള അകാംക്ഷയോടെ
മംഗളത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്.
ഉത്തമമായ മംഗളം എന്താണെന്ന്
അങ്ങ് അരുളി ചെയ്താലും.
[അപ്പോൾ ഭഗവാൻ ബുദ്ധൻ ഇപ്രകാരം ഗാഥ പാടി:]
ലൗകിക ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത്
അസേവനാ ച ബാലാനം
പണ്ഡിതാനം ച സേവനാ,
പൂജാ ച പൂജനീയാനം
ഏതം മംഗലമുത്തമം.
മൂഢന്മാരുമായി സഹവർത്തിക്കരുത്,
ജ്ഞാനികളുമായി സഹവർത്തിക്കുക,
സംപൂജ്യരായവരെ പൂജിക്കുക,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
പതിരൂപദേസവാസോ ച
പുബ്ബേ ച കതപുഞ്ഞതാ
അത്തസമ്മാപണീധി ച
ഏതം മംഗലമുത്തമം.
അനുയോജ്യമായ ദേശത്ത് വസിക്കുക,
പുണ്യ പ്രവൃത്തികൾ ചെയ്തിട്ട്,
ശരിയായ അഭിലാഷങ്ങൾ പുലർത്തുക.
ഇതാണ് മംഗളകരമായതിൽ ഉത്തമം.
ബാഹുസച്ചഞ്ച സിപ്പഞ്ച
വിനയോ ച സുസിക്ഖിതോ
സുഭാസിതാ ച യാ വാചാ
ഏതം മംഗലമുത്തമം.
വിദ്യാഭ്യാസമ്പന്നത, കരകൗശലപാടവം,
വിനയത്തിലുള്ള സുശിക്ഷണം,
ചാതുര്യമുള്ള വാക്കുകൾ,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
മാതാപിതുഉപട്ഠാനം
പുത്തദാരസ്സ സംഗഹോ
അനാകൂലാ ച കമ്മന്താ
ഏതം മംഗലമുത്തമം.
മാതാപിതാക്കളെ പരിചരിക്കുക,
ഭാര്യയെയും മക്കളെയും പരിലാളിക്കുക ,
ആകുലതയുണ്ടാക്കാത്ത പ്രവൃത്തികൾ ചെയ്യുക,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
ദാനം ച ധമ്മചരിയാ ച
ഞാതകാനഞ്ച സംഗഹോ
അനവജ്ജാനി കമ്മാനി
ഏതം മംഗലമുത്തമം.
ദാനശീലവും, ധർമ്മചര്യയും പുലർത്തുക,
ബന്ധുക്കൾക്ക് തുണയാകുക,
കുറ്റമറ്റ പ്രവർത്തികൾ ചെയ്യുക,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
ആരതി വിരതി പാപാ
മജ്ജപാനാ ച സഞ്ഞമോ
അപ്പമാദോ ച ധമ്മേസൂ
ഏതം മംഗലമുത്തമം.
പാപകർമ്മങ്ങൾ നിർത്തുക, ഒഴിവാക്കുക,
മദ്യപാനം ഒഴിവാക്കുക,
ധർമ്മത്തിൽ ജാഗരൂകരാകുക,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
മാർഗ്ഗത്തിനുള്ള തയ്യാറെടുപ്പ്
ഗാരവോ ച നിവാതോ ച
സന്തുട്ഠീ ച കതഞ്ഞുതാ
കാലേന ധമ്മസവണം
ഏതം മംഗലമുത്തമം.
മാന്യതയും നമ്രതയും പുലർത്തുക,
സംതുഷ്ടരാകുക, കൃതജ്ഞതയുള്ളവരാകുക,
സമയോചിതമായി ധർമ്മം ശ്രവിക്കുക,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
ഖന്തീ ച സോവചസ്സതാ
സമണാനഞ്ചദസ്സനം
കാലേന ധമ്മസാകച്ഛാ
ഏതം മംഗലമുത്തമം.
ക്ഷമയും അനുസരണയും പുലർത്തുക,
ശ്രമണരെ കാണുക,
സമയോചിതമായി ധർമ്മം ചർച്ചചെയ്യുക,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
മാർഗ്ഗത്തിന്റെ അഭ്യാസം
തപോ ച ബ്രഹ്മചരിയഞ്ച
അരിയസച്ചാനദസ്സനം
നിബ്ബാണസച്ഛികിരിയാ ച
ഏതം മംഗലമുത്തമം.
തപസ്സ്, ബ്രഹ്മചര്യം,
ആര്യസത്യങ്ങളുടെ ദർശനം,
നിർവാണത്തിന്റെ സാക്ഷാത്കാരം,
ഇതാണ് മംഗളകരമായതിൽ ഉത്തമം.
അർഹത സാക്ഷാത്കാരം
പുട്ഠസ്സ ലോകധമ്മേഹി
ചിത്തം യസ്സ ന കമ്പതി
അസോകം വിരജം ഖേമം
ഏതം മംഗലമുത്തമം.
ലൗകികധർമ്മങ്ങളുടെ സ്പർശത്തിൽ
ചിത്തം പ്രകമ്പനം കൊള്ളുന്നില്ല.
അശോകവും, വിമലവും, ക്ഷേമവും.
ഇതാണ് മംഗളകരമായതിൽ ഉത്തമം.
ഉപസംഹാരം
ഏതാദിസാനി കത്വാന
സബ്ബത്ഥ മപരാജിതാ
സബ്ബത്ഥ സോത്ഥിം ഗച്ഛന്തി
തം തേസം മംഗലമുത്തമന്തി.
ഈ രീതിയിൽ പ്രവർത്തിക്കുന്നവർ,
ഒരിടത്തും പരാജയപ്പെടാതെ,
എല്ലായിടത്തും സ്വാസ്ഥ്യത്തിൽ പോകുന്നു.
ഇതാണ് അവർക്ക് മംഗളകരമായതിൽ ഉത്തമം.
– പരിഭാഷ – യോഗിനി അഭയ ദേവി, യോഗി പ്രബോധ ജ്ഞാന
Note – മാർഗ്ഗത്തിൽ ഒഴിവാക്കുന്ന എട്ട് ലൗകിക ധർമ്മങ്ങൾ – ലാഭം, സ്തുതി, യശസ്സ്, സുഖം എന്നിവയെ കുറിച്ചുള്ള പ്രതീക്ഷ; നഷ്ടം, നിന്ദ, അപമാനം, ദുഃഖം എന്നിവയെ കുറിച്ചുളള ഭയം.
- മംഗല സൂത്തം - November 14, 2024
- ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും - December 10, 2018
- കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ - October 11, 2018